മോട്ടോർ വാഹന പിഴയിൽ 50 ശതമാനം ഇളവ്; അദാലത്ത് ഏപ്രിൽ 27 മുതൽ 30 വരെ
മോട്ടോർ വാഹന നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴ തുകകൾ പകുതി അടച്ച് തീർപ്പാക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുങ്ങുന്നു. സർക്കാരിന്റെ 'അമ്നസ്റ്റി സ്കീം 2026' ഈ മാസം 30-ന് അവസാനിക്കുന്ന സാഹചര്യത്തിൽ, കുടിശ്ശികയുള്ള ചെലാനുകൾ തീർപ്പാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് പ്രത്യേക ഇ-ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. ഏപ്രിൽ 27 മുതൽ 30 വരെ കാക്കനാട് സിവിൽ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള എൻഫോഴ്സ്മെന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലാണ് അദാലത്ത് . രാവിലെ 10.30 മുതൽ വൈകുന്നേരം 5 വരെ പൊതുജനങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
2024 ഡിസംബർ 31 വരെ കേരള മോട്ടോർ വാഹന വകുപ്പും പൊലീസും ചുമത്തിയിട്ടുള്ളതും നിലവിൽ കോടതികളിലേക്ക് കൈമാറാത്തതുമായ ചെലാനുകൾക്കാണ് 50 ശതമാനം ഇളവ് ലഭിക്കുക. സാങ്കേതിക കാരണങ്ങളാൽ പിഴ അടയ്ക്കാൻ കഴിയാത്തവർക്ക് ഈ അവസരം ഏറെ ആശ്വാസകരമാകും. അദാലത്തിന് നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ് പോർട്ടലായ https://services.mvd.kerala.gov.in സന്ദർശിച്ചും ഇളവുകളോടെ പിഴയടച്ച് കേസുകൾ തീർപ്പാക്കാവുന്നതാണെന്ന് എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
- Log in to post comments