വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാൻഡമൈസേഷൻ പൂർത്തിയായി
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾക്കായി കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിങ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ എന്നിവരെ നിയമിക്കുന്നതിനുള്ള ആദ്യഘട്ട റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായി. കാക്കനാട് കളക്ടറുടെ ചേംബറിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക നടപടികൾക്ക് നേതൃത്വം നൽകി.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ഓർഡർ പോർട്ടൽ' വഴിയാണ് നിയമന നടപടികൾ ഏകോപിപ്പിക്കുന്നത്. ആദ്യഘട്ട റാൻഡമൈസേഷനിൽ 30 ശതമാനം റിസർവ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയാകുന്നതോടെ ഇത് 20 ശതമാനമായി കുറയും.
ആദ്യഘട്ട റാൻഡമൈസേഷൻ പ്രകാരം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണുന്നതിനായി ഓരോ വിഭാഗത്തിലും (സൂപ്പർവൈസർമാർ, അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ) 266 പേരെ വീതം നിയോഗിച്ചു. തപാൽ വോട്ടുകൾ എണ്ണുന്നതിനായി 115 കൗണ്ടിങ് സൂപ്പർവൈസർമാരെയും 216 കൗണ്ടിങ് അസിസ്റ്റന്റുമാരെയും 115 മൈക്രോ ഒബ്സർവർമാരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിലാകെ വോട്ടെണ്ണൽ ജോലികൾക്കായി 381 കൗണ്ടിങ് സൂപ്പർവൈസർമാരും 482 അസിസ്റ്റന്റുമാരും 381 മൈക്രോ ഒബ്സർവർമാരും ഉൾപ്പെടെ വിപുലമായ ഉദ്യോഗസ്ഥനിര സജ്ജമായി.
ഓർഡർ പോർട്ടലിൽ നിന്നും നിയമന ഉത്തരവുകൾ ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇന്നുതന്നെ (ഏപ്രിൽ 27) വിതരണം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമനം ലഭിച്ച ഉദ്യോഗസ്ഥർക്ക് സ്വന്തം മൊബൈൽ നമ്പർ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത് നേരിട്ടും ഉത്തരവുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.നിയമനം ലഭിച്ച എല്ലാ ഉദ്യോഗസ്ഥർക്കും ഉത്തരവുകൾ ലഭിച്ചിട്ടുണ്ടെന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഉറപ്പുവരുത്തേണ്ടതുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഏപ്രിൽ 29 മുതൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ ആരംഭിക്കും. വോട്ടെണ്ണൽ നടപടികൾ സുതാര്യവും കൃത്യതയുള്ളതുമാക്കുന്നതിനായുള്ള എല്ലാ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം പൂർത്തിയാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
- Log in to post comments