വോട്ടെണ്ണല്‍: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടപടികള്‍ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലനം നല്‍കി. ജില്ലാ പ്ലാനിംഗ് സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിക്ക് എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എ. അബ്ദുല്‍ ഗഫൂര്‍ നേതൃത്വം നല്‍കി. വോട്ടെണ്ണല്‍ ദിവസം സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍, വോട്ടിങ് മെഷീനുകളുടെ സുരക്ഷ, കൃത്യത ഉറപ്പാക്കല്‍ തുടങ്ങിയ സാങ്കേതിക വശങ്ങള്‍ എന്നിവയിലായിരുന്നു പരിശീലനം.
വോട്ടെണ്ണല്‍ പ്രക്രിയ സുതാര്യമായും തടസ്സമില്ലാതെയും പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം പരിശീലനം സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള റിട്ടേണിങ് ഓഫീസര്‍മാരും എ.ആര്‍.ഒമാരും പങ്കെടുത്തു. പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ അതത് സെക്ഷനുകളുടെ മേല്‍നോട്ടം വഹിക്കും.
നാളെയും (ബുധന്‍) മറ്റന്നാളും (വ്യാഴം) ഒന്നാം ഘട്ട റാന്‍ഡമൈസേഷനിലൂടെ തെരഞ്ഞെടുത്ത 1456 കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രണ്ടാം ഘട്ട റാന്‍ഡമൈസേഷനില്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരുടെ പരിശീലനം മെയ് മൂന്നിന് നടക്കും. മെയ് നാലിന് രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്.
- Log in to post comments