Skip to main content

പാമ്പുകടി ചികിത്സയും പരിചരണവും: ജില്ലാതല പരിശീലനം സംഘടിപ്പിച്ചു

പാമ്പുകടി പരിചരണവും ചികിത്സയും സംബന്ധിച്ച ജില്ലാതല പരിശീലനം മലപ്പുറം സൂര്യ റീജന്‍സി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ. ജയന്തി. ഉദ്ഘാടനം ചെയ്തു. സമയോചിത ചികിത്സയിലൂടെയും ശാസ്ത്രീയ പരിചരണത്തിലൂടെയും പാമ്പുകടി മൂലമുള്ള മരണങ്ങളും വൈകല്യങ്ങളും കുറയ്ക്കാന്‍ കഴിയുമെന്ന് ഡി.എം.ഒ. ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പാമ്പുകടിയേറ്റവരുടെ പ്രാഥമിക ശുശ്രൂഷ, ആന്റി സ്നേക് വെനം ഉപയോഗം, അടിയന്തരഘട്ടങ്ങള്‍ കൈകാര്യം ചെയ്യേണ്ട രീതി, വിഷബാധയുടെ ലക്ഷണങ്ങള്‍ തിരിച്ചറിയല്‍ എന്നീ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടാണ് പരിശീലനം നടത്തിയത്. ചികിത്സക്ക് നേതൃത്വം നല്‍കുന്നവരുടെ പ്രായോഗിക അറിവും, കാര്യശേഷിയും മെച്ചപ്പെടുത്തി ഫലപ്രദമായ ചികിത്സ ഉറപ്പുവരുത്തുകയും മരണനിരക്ക് കുറക്കുകയുമാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.
 

ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. ഷിബുലാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. സി. ഷുബിന്‍ മുഖ്യപ്രഭാഷണം നടത്തി.  എന്‍.എച്ച്.എം. ജില്ലാ പ്രോഗാം ഓഫീസര്‍ ഡോ.ടി.എന്‍.അനൂപ്, മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസില്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ആര്‍.കെ. സൂരജ് പരിശീലനത്തിന് നേതൃത്വം നല്‍കി. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എന്‍.എന്‍. പമീലി, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മാത്യു ജെ.വാളംപറമ്പില്‍, ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ആശുപത്രികളിലെ സൂപ്രണ്ടുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു..

date