Skip to main content

*മത്സ്യതൊഴിലാളികളുടെ മക്കൾക്ക് ആധുനിക സംവിധാനങ്ങളോടെ സൗജന്യ റെസിഡൻഷ്യൽ പഠനം*

 

*ചാവക്കാട് പുത്തൻകടപ്പുറം ജി.ആർ.എഫ്.ടി.എച്ച്.എസിലേക്ക് അഡ്മിഷൻ ആരംഭിക്കുന്നു*

* വിദ്യാർത്ഥികൾക്ക് വർഷത്തിലൊരിക്കൽ സൗജന്യ വിമാനയാത്ര, എക്സ്ട്രാ കരിക്കുലം ആക്റ്റിവിറ്റികൾ, ലംപ്സംഗ്രാന്റ്

അംഗീകൃത മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി പ്രവർത്തിക്കുന്ന ചാവക്കാട് ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലേക്കുള്ള അഡ്മിഷൻ മെയ്‌ രണ്ടിന് ശേഷം ആരംഭിക്കുമെന്ന് തൃശ്ശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി സീമ അറിയിച്ചു. മറ്റു വിദ്യാലയങ്ങളിൽ നിന്നും വ്യത്യസ്തമായി സാധാരണ വിഷയങ്ങൾക്കൊപ്പം ഫിഷറീസ് സയൻസുമായി ബന്ധപ്പെട്ട പുത്തൻ സാങ്കേതിക വിദ്യകളും ഫിഷറീസ് സയൻസ് കുട്ടികൾക്ക് ഉപരിപഠനത്തിന് ഏറെ പ്രയോജനപ്പെടുന്ന മത്സ്യകൃഷിയും മത്സ്യ ഉത്പ്പന്നങ്ങളും ഈ സ്കൂളിൽ പഠിപ്പിക്കുന്നു.

മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ലംപ്സംഗ്രാന്റ് ഉൾപ്പെടെ നൽകുന്ന ഈ സ്കൂളിൽ എല്ലാ സൗകര്യങ്ങളും പൂർണമായും സൗജന്യമാണ്. വിദ്യാർഥികൾക്ക് സ്കൂൾ പഠനത്തിന് ആവശ്യമായ പുസ്തകങ്ങൾ, നോട്ട്ബുക്കുകൾ, ബാഗ്, ഷൂ, യൂണിഫോം, പത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, സ്പോർട്സ് ഉപകരണങ്ങൾ, ജേഴ്സി, ബൂട്ട്, ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നവർക്ക് ഉയർന്ന പോഷക നിലവാരമുള്ള ഭക്ഷണവും കട്ടിൽ, കിടക്ക, തലയിണ, കൊതുകുവല, ബക്കറ്റ് സോപ്പ്, തോർത്ത്, എണ്ണ എന്നിവയും നൽകുന്നു. കൂടാതെ ഓരോ വർഷവും സൗജന്യ വിമാനയാത്രയും അന്തർ സംസ്ഥാനതലത്തിലുള്ള ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങളിലേക്കും മത്സ്യ ഉത്പാദന കേന്ദ്രങ്ങളിലേക്കും വിദ്യാർത്ഥികൾക്കായി പഠനയാത്രയും നടത്തുന്നു.

വിദ്യാർഥികളുടെ സർവ്വതോമുഖ ഉന്നമനത്തിനായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ, സ്പെഷ്യൽ ട്യൂഷൻ, ആർട്സ്, മ്യൂസിക്, ക്രാഫ്റ്റ് പരിശീലനം, യോഗ പരിശീലനം, കലാകായിക പരിശീലനത്തിന് സ്പെഷ്യൽ കോച്ച്, കെയർടേക്കർ, തുടങ്ങിയവരുടെ സേവനം, കൃത്യമായ മെഡിക്കൽ ചെക്കപ്പ്, മോട്ടിവേഷൻ- കരിയർ ഗൈഡൻസ് ക്ലാസുകൾ, വിവിധ വിഷയങ്ങളിലെ ആഴത്തിലുള്ള പഠനത്തിനായി വിദഗ്ധരുടെ മൈക്രോ ടീച്ചിംഗ്, മെഡിക്കൽ കെയർ എന്നീ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ വിശാലമായ ലൈബ്രറിയും സ്മാർട്ട് ക്ലാസ് റൂമുകളും എല്ലാ സംവിധാനങ്ങളോടെയും പ്രവർത്തിക്കുന്ന ഐടി ലാബും മറ്റ് ലാബുകളും വിദ്യാർത്ഥികൾക്കായി ഇവിടെയുണ്ട്.

നൂറുമേനി വിജയം കരസ്ഥമാക്കുന്ന ഈ സ്കൂൾ ഫിഷറീസ് സെന്റർ ഫോർ എക്സലൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ജില്ലയിലെ ഫിഷറീസ് വകുപ്പ് നേരിട്ട് നിയന്ത്രിക്കുന്ന ഏക റസിഡൻഷ്യൽ സ്കൂളാണ്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലേക്ക് 40 വീതം കുട്ടികൾക്ക് മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം ഉള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഈ സ്കൂളിലെ സേവനങ്ങൾ പ്രയോജനപ്പെടുത്താം. മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയ ശേഷം ഒഴിവുകൾ ഉണ്ടെങ്കിൽ അനുബന്ധ മത്സ്യതൊഴിലാളികളുടെ മക്കളെ കൂടി പരിഗണിക്കുന്നതാണ്. ഫോൺ: 0487 2501965

date