വരള്‍ച്ചാ പ്രതിരോധം: യോഗം ചേര്‍ന്നു
മൂടാടി ഗ്രാമപഞ്ചായത്തില്‍ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ ക്ലിനിക്ക് ആരംഭിക്കും
ജില്ലയില്‍ ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനും കുടിവെള്ള വിതരണം ഉറപ്പുവരുത്താനും ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വരള്‍ച്ചാ പ്രതിരോധ പദ്ധതികള്‍ ആവിഷ്‌കരിച്ച് ഒരാഴ്ചക്കകം സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളുടെ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. കുടിവെള്ളക്ഷാമത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ പഞ്ചായത്ത് തലത്തില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയ മാര്‍ഗരേഖ പ്രകാരം പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍ തയാറാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചു. മൂടാടി ഗ്രാമപഞ്ചായത്തില്‍ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ ക്ലിനിക്ക് ആരംഭിക്കുന്നതിന് ഫണ്ട് ലഭ്യമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഹെല്‍ത്ത് സെന്ററില്‍ ഗ്രീന്‍ ഷെഡ് നിര്‍മിക്കാനും അനുമതി നല്‍കി. ജില്ലയില്‍ അത്യുഷ്ണം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികളും യോഗം ചര്‍ച്ച ചെയ്തു.
പാമ്പുകടിയേല്‍ക്കുന്നവര്‍ക്ക് സമയോചിത ചികിത്സ ലഭ്യമാക്കാന്‍ എല്ലാ സംവിധാനവും ഒരുക്കാന്‍ ആരോഗ്യ വകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്‍കി. പാമ്പുകടിയേറ്റാലുള്ള പ്രഥമ ശുശ്രൂഷ സംബന്ധിച്ച അവബോധം പൊതുജനങ്ങള്‍ക്ക് നല്‍കുകയും ആരോഗ്യകേന്ദ്രങ്ങളില്‍ ആന്റിവെനം ലഭ്യമാക്കുകയും വേണം. സ്നേക്ക് റെസ്‌ക്യൂവേഴ്സിന്റെ സേവനം വനം വകുപ്പ് ഉറപ്പുവരുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ എസ് സജീദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments