വനിതാ സംരംഭകര്‍ക്ക് കരുത്തേകാന്‍ 'ഉയരെ' പദ്ധതിയുമായി ഐഐഎം
ജില്ലയില്‍ വനിതാ സംരംഭകത്വം ശക്തിപ്പെടുത്തുന്നതിനായി കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) ഗവേഷകസംഘം ആവിഷ്‌കരിച്ച 'ഉയരെ' പദ്ധതിക്ക് തുടക്കം. കോഴിക്കോട് മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഐ.ഐ.എം ഗവേഷകസംഘം, കുടുംബശ്രീ ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍, ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സൊസൈറ്റി (ഇ.ഡി.എസ്) പരിശീലകര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. സംരംഭകര്‍ക്കായി തയാറാക്കിയ ആക്ടിവിറ്റി ബുക്കും ഹാന്‍ഡ്ബുക്കും ഉള്‍പ്പെട്ട സമഗ്ര പരിശീലന കിറ്റ് ചടങ്ങില്‍ പ്രകാശനം ചെയ്തു.
നിലവിലുള്ള കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക് പ്രായോഗിക ബിസിനസ് അറിവ് നല്‍കി അവരെ ശക്തിപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 40 ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ഏകദേശം 700 വനിതകള്‍ക്കായി ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഗ്രാമപഞ്ചായത്ത് തലത്തില്‍ ബിസിനസ് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. മണപ്പുറം ഫൗണ്ടേഷന്റെ സാമ്പത്തിക പിന്തുണയോടെ ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെയും ജില്ലാ കലക്ടറുടെ ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വാണിജ്യ-വ്യവസായ വകുപ്പ്, ഐ.ഐ.എം.കെ ലൈവ് എന്നിവയുടെ പിന്തുണയോടെ ഐ.ഐ.എം.കെ ഗവേഷകസംഘത്തിലെ പ്രൊഫ. അശോക് തോമസ്, പ്രൊഫ. ചിത്വന്‍ ലാല്‍ജി, ഗവേഷക എം.എസ് ഗായത്രി എന്നിവര്‍ ചേര്‍ന്നാണ് പരിശീലന മോഡ്യൂളുകള്‍ രൂപകല്‍പ്പന ചെയ്തത്.
- Log in to post comments