എറണാകുളം ജില്ലയിൽ വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ പൂർത്തിയായി
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾക്കായി ജില്ലയിലെ ഉദ്യോഗസ്ഥ വിന്യാസം അവസാന ഘട്ടത്തിലേക്ക്.
കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ എന്നിവരുടെ മണ്ഡലം തിരിച്ചുള്ള രണ്ടാം ഘട്ട റാൻഡമൈസേഷൻ പൂർത്തിയായി.
ജില്ലാ കളക്ടറുടെ ചേംബറിൽ റിട്ടേണിംഗ് ഓഫീസർമാർ, കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകർ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.
ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവുകൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ഓർഡർ പോർട്ടൽ' വഴി ലഭ്യമാക്കും.
നിയമനം ലഭിച്ച ഉദ്യോഗസ്ഥർക്ക് ഉത്തരവുകൾ
സ്ഥാപനമേധാവികൾ വഴി കൈപ്പറ്റാം. അതത് സ്ഥാപന മേധാവികൾ മെയ് 3-ാം തീയതി തന്നെ ഓർഡർ പോർട്ടലിൽ നിന്നും നിയമന ഉത്തരവുകൾ ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകേണ്ടതാണ്. ഉത്തരവ് കൈമാറിയ ശേഷം പോർട്ടലിൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യേണ്ട ഉത്തരവാദിത്തവും സ്ഥാപന മേധാവികൾക്കുണ്ട്.
ഇതിനൊപ്പം ഉദ്യോഗസ്ഥർക്ക് തങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഓർഡർ പോർട്ടലിൽ ലോഗിൻ ചെയ്ത് നേരിട്ടും നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
നിയമനം ലഭിച്ച എല്ലാ ഉദ്യോഗസ്ഥർക്കും മെയ് 3-ാം തീയതി തന്നെ ഉത്തരവുകൾ ലഭിച്ചുവെന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
- Log in to post comments