*വിരമിക്കുന്ന പ്രധാനാധ്യാപകർക്ക് ബത്തേരി നഗരസഭയുടെ യാത്രയയപ്പ്*
സുൽത്താൻ ബത്തേരി നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ ദീർഘകാലം പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ച് വിരമിക്കുന്നവർക്ക് നഗരസഭയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. ബീനാച്ചി ഹൈസ്കൂൾ എച്ച്.എം സജി ടി.ജി., ഓടപ്പള്ളം സ്കൂൾ എച്ച്.എം കെ. കമലം കെ, കൈപ്പഞ്ചേരി സ്കൂൾ എച്ച്.എം എൻ.എം ജോസ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. നഗരസഭാ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകർ സുൽത്താൻ ബത്തേരിയുടെ വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ചെയർപേഴ്സൺ പറഞ്ഞു.
നഗരസഭാ വൈസ് ചെയർമാൻ എം.ജി ഇന്ദ്രജിത്ത് അധ്യക്ഷനായി. നഗരസഭാ സ്ഥിരം സമിതി അംഗങ്ങളായ ഷെറീന അബ്ദുള്ള, വി.കെ ഷിഫാനത്ത്, പി ഷംസാദ്, കൗൺസിലർമാരായ രാധാ രവീന്ദ്രൻ, കെ. മൊയ്തു, ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ.എം സെബാസ്റ്റ്യൻ, എ.ഇ.ഒ ബി.ജെ ഷിജിത, നിർവഹണ ഉദ്യോഗസ്ഥൻ പി.എ. അബ്ദുൾ നാസർ, റീത്താമ്മ ജോർജ്, ടി.കെ ശ്രീജൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച അധ്യാപകർക്ക് നഗരസഭയുടെ ഉപഹാരങ്ങളും കൈമാറി.
- Log in to post comments