കോപ്ട 2003 നിയമം: പരിശോധന ശക്തമാക്കി ജില്ലാ മെഡിക്കല്‍ ഓഫീസ്
കോപ്ട 2003 നിയമപ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ 104680 രൂപ പിഴ ഈടാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. നഗര ആരോഗ്യ വിഭാഗം, എക്സൈസ്, ആരോഗ്യ വകുപ്പിന്റെ 80 ടീമുകള്‍ 1205 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
ലോക പുകയില വിരുദ്ധ ദിനാചരണത്തിന് മുന്നോടിയായി മെയ് 31 മുതല്‍ ജൂണ്‍ 26 വരെ ജില്ലയില്‍ വിപുലമായ കോപ്ട നിയമ ബോധവത്കരണവും പരിശോധനാ പ്രവര്‍ത്തനങ്ങളും ശക്തമാക്കും. പൊതുസ്ഥലങ്ങളിലെ പുകവലി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തെ പുകയില വില്‍പ്പന, 18 വയസിന് താഴെയുള്ളവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്ക്കല് എന്നിവ കണ്ടെത്തിയാല്‍ നിയമ പ്രകാരം പിഴ ഈടാക്കും. ജില്ലാ- തദ്ദേശ സ്ഥാപനതലങ്ങളിലും വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. സ്കൂളുകള്‍, കോളജുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ റാലി, സെമിനാര്‍, പ്രതിജ്ഞ ചൊല്ലല്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. വിദ്യാലയങ്ങളും പഞ്ചായത്തുകളും പുകയില രഹിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ജില്ലയില്‍ സജീവമാണ്.
കോപ്ട നിയമം: പൊതുജനങ്ങളും സ്ഥാപന ഉടമകളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സെക്ഷന്‍ 4
പുകയില ഉത്പന്ന നിരോധന നിയമം-2003 പ്രകാരം പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്ക് 200 രൂപ പിഴശിക്ഷ ലഭിക്കും. സ്ഥാപനങ്ങളുടെ മുന്‍വശത്ത് ആളുകള്‍ പുകവലിക്കുന്നതിന് അനുവദിച്ചാല്‍ സ്ഥാപന ഉടമകള്‍ക്കും പിഴ ചുമത്തും. സ്ഥാപനങ്ങള്‍ക്ക് മുന്‍വശം എത്ര പേരാണോ പുകവലിക്കുന്നത് അവരില്‍ നിന്നും പിരിക്കുന്ന തുല്യ സംഖ്യ സ്ഥാപന ഉടമകളില്‍ നിന്നും ഈടാക്കും.
എല്ലാ സ്ഥാപനങ്ങളുടെയും മുന്‍ഭാഗത്ത് ''പുകവലി വിമുക്ത സ്ഥലം, ഇവിടെ പുകവലി ശിക്ഷാര്‍ഹം'' എന്ന മുന്നറിയിപ്പ് ബോര്‍ഡ് (60 സെ.മീ*30 സെ.മീ) അളവില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. ബോര്‍ഡ് സ്ഥാപിക്കാത്ത പക്ഷം 200 രൂപ പിഴ ഈടാക്കും.
ലൂസ് സിഗരറ്റ്/ ബീഡി, സിഗര്‍ ലൈറ്റ്, ആഷ് ട്രേ തുടങ്ങിയവ പുകയില ഉപയോഗത്തിന് സഹായകമായ രീതിയില്‍ കടകളില്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിയമലംഘനമായി കണക്കാക്കപ്പെടും.
സെക്ഷന്‍ 5
പുകയില ഉത്പന്നങ്ങളുടെ പരസ്യം, ബ്രാന്‍ഡ് പേര്, ചിത്രം, വില തുടങ്ങി പുകവലി പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. 2 മുതല്‍ 5 വര്‍ഷം വരെ തടവോ 1000 രൂപ മുതല്‍ 5000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. ഇത്തരം കേസുകളില്‍ കോടതി നടപടിയാണ് സ്വീകരിക്കുക.
പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ അനുവദിച്ചിട്ടുള്ള നിര്‍ദ്ദിഷ്ട മുന്നറിയിപ്പ് ബോര്‍ഡ് മാത്രമേ പ്രദര്‍ശിപ്പിക്കാവൂ. കമ്പനികളുടെ പേരോ ബ്രാന്‍ഡുകളോ ഉള്‍പ്പെട്ട മറ്റ് പരസ്യങ്ങള്‍ അനുവദനീയമല്ല.
സെക്ഷന്‍ 6 എ
18 വയസിന് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ശിക്ഷാര്‍ഹമാണ്.
പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന എല്ലാ കടകളിലും '18 വയസിന് താഴെയുള്ളവര്‍ക്ക് പുകയില ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നതല്ല' (60 സെ.മീ*30 സെ.മീ) അളവിലുള്ള മുന്നറിയിപ്പ് ബോര്‍ഡ് നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. ബോര്‍ഡ് സ്ഥാപിക്കാത്ത പക്ഷം 200 രൂപ പിഴ ഈടാക്കും.
സെക്ഷന്‍ 6 ബി
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവില്‍ (91.2 മീറ്റര്‍) പുകയില ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചിരിക്കുന്നു. വിദ്യാലയ ഗെയിറ്റിന് മുന്‍വശം ഇതു സംബന്ധിച്ച ബോര്‍ഡ് വയ്ക്കണം. ഇല്ലെങ്കില്‍ 200 രൂപ പിഴ ചുമത്തും.
സെക്ഷന്‍ 7
പുകയില ഉത്പന്നങ്ങളില്‍ നിയമാനുസൃത മുന്നറിയിപ്പ് വേണം. ഇല്ലാത്തവ കണ്ടെത്തിയാല്‍ പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കും. 1-2 വര്‍ഷം തടവ്/1000/3000 രൂപ പിഴ അല്ലെങ്കില്‍ രണ്ടും കൂടിയോ കേസ് എടുക്കും.
പുകയില ഉപയോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും
പുകയില ഉപയോഗം കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍, പക്ഷാഘാതം, ക്ഷയം, വദന രോഗങ്ങള്‍ തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് പ്രധാന കാരണമാണ്.
പുകയില രണ്ട് പ്രധാന രൂപങ്ങളിലുണ്ട്:
പുക ഉണ്ടാക്കുന്നവ - സിഗരറ്റ് , ബീഡി, ഹുക്ക തുടങ്ങിയവ.
പുകയില്ലാത്ത പുകയില - ഖൈനി, ഗുട്ട്ക, സര്‍ദ തുടങ്ങിയവ.
മുതിര്‍ന്നവര്‍ക്കിടയില്‍ നടത്തിയ ഗ്ലോബല്‍ യൂത്ത് ടുബാക്കോ സര്‍വേ (2016-17) പ്രകാരം ഇന്ത്യയിലെ 15 വയസിന് മുകളിലുള്ളവരില്‍ 28.6% പേര് പുകയില ഉപയോഗിക്കുന്നു. ഏകദേശം 27 കോടി ആളുകള്‍ രാജ്യത്ത് പുകയില ഉപയോക്താക്കളാണ്. ഇവരില്‍ ഭൂരിഭാഗവും പുകയില്ലാത്ത പുകയിലയാണ് ഉപയോഗിക്കുന്നത്. 13 മുതല്‍ 15 വയസുവരെയുള്ള വിദ്യാര്‍ഥികള്‍ പോലും പുകയില ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ പ്രതിവര്‍ഷം 13 ലക്ഷത്തിലധികം ആളുകള്‍ പുകയില ഉപയോഗം മൂലം മരണപ്പെടുന്നു.
സെക്കന്‍ഡ് ഹാന്‍ഡ് സ്മോക്ക് (പാസീവ് സ്മോക്കിംഗ്) കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കൂടാതെ പൊതുസ്ഥലങ്ങളില്‍ പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ക്ഷയം, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ പകരാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ വകുപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഡി-അഡിക്ഷന് സെന്ററുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാതല ഏകോപന സമിതി യോഗം ചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് കോട്പ് പരിശോധനകള്‍ ശക്തമാക്കിയത്.
- Log in to post comments