Skip to main content

മഴക്കാല മുന്നൊരുക്കം: തിരൂര്‍ താലൂക്ക് തല യോഗം ചേര്‍ന്നു

കാലവര്‍ഷം എത്തുന്നതിന് മുന്നോടിയായി താലൂക്കിലെ മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായുള്ള താലൂക്ക് തല ഉദ്യോഗസ്ഥ യോഗം തിരൂര്‍ മുന്‍സിപ്പല്‍ സാംസ്‌കാരിക സമുച്ചയത്തില്‍ നടന്നു. തിരൂര്‍ തഹസില്‍ദാറുടെ അധ്യക്ഷതയിലായിരുന്നു യോഗം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും മുന്നൊരുക്കങ്ങളിലും എല്ലാ വകുപ്പുകള്‍ തമ്മിലുമുള്ള കൃത്യമായ ഏകോപനം അത്യാവശ്യമാണെന്ന് തഹസില്‍ദാര്‍ വി. ദിലീപ്  യോഗത്തില്‍ ഓര്‍മ്മിപ്പിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ വി. വിനോദ് കുമാര്‍  മഴക്കാല മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച വിശദീകരണം നടത്തി. റവന്യൂ, പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പി.ആര്‍.ഡി., തദ്ദേശ സ്വയംഭരണ വകുപ്പ്, ജലവിഭവ വകുപ്പ്, കെ.എസ്.ഇ.ബി തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഓരോ വിഭാഗവും തങ്ങള്‍ ഇതുവരെ സ്വീകരിച്ച മുന്നൊരുക്ക നടപടികള്‍ യോഗത്തില്‍ വിശദീകരിച്ചു.

*മലയോര പ്രദേശങ്ങള്‍, പുറമ്പോക്ക് ഭൂമി, തീരദേശം എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മണ്ണിടിച്ചില്‍, വെള്ളക്കെട്ട് തുടങ്ങിയവ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. ഇതിനായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കും. ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കുന്നവരുടെ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തും.

*വീടുകള്‍, വിദ്യാലയങ്ങള്‍, വൈദ്യുത ലൈനുകള്‍ എന്നിവയ്ക്ക് മുകളിലേക്ക് അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരച്ചില്ലകളും മരങ്ങളും അടിയന്തരമായി മുറിച്ചുമാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. ഓടകളുടെ ശുചീകരണവും വേഗത്തിലാക്കും.
 
*തുടര്‍ച്ചയായി രണ്ടുദിവസം ശക്തമായ മഴ പെയ്താല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
 
*പുറത്തൂര്‍, മംഗലം, തൃപ്രങ്ങോട്, വെട്ടം തുടങ്ങിയ വില്ലേജുകളില്‍ വെള്ളപ്പൊക്ക സാധ്യത കൂടുതലായതിനാല്‍ ഈ പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
 
*പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള ആരോഗ്യവകുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ഉറപ്പാക്കുക, അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ക്യു.ആര്‍.പി (ക്വിക്ക് റെസ്‌പോണ്‍സ് ടീം) രൂപീകരിക്കുക, മരം വീണ് നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് ധനസഹായം വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ എന്നിവ ഉറപ്പാക്കും. ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ പുഷ്പ, താനൂര്‍ ഫയര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ രാജേന്ദ്രനാഥ്,  വിവിധ വകുപ്പുകളിലെ താലൂക്ക് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

 

date