ഇടപ്പള്ളി കൾവർട്ടിന് സമീപത്തെ നിർമാണാവശിഷ്ടങ്ങൾ ജൂൺ ഒന്നിനകം നീക്കണം: മന്ത്രി റോജി എം. ജോൺ
*മഴക്കാല മുന്നൊരുക്കങ്ങളുടെ അവലോകനയോഗം ചേർന്നു
ദേശീയപാതയിലെ ഇടപ്പള്ളി ജംഗ്ഷൻ മുതൽ ഒബ്രോൺ മാൾ വരെയുള്ള മൂന്ന് കൾവർട്ടുകൾക്ക് സമീപമുള്ള നിർമ്മാണ അവശിഷ്ടങ്ങൾ ജൂൺ ഒന്നിന് മുൻപായി അടിയന്തരമായി നീക്കം ചെയ്യാൻ ദേശീയപാത അതോറിറ്റിക്ക് ജില്ലയുടെ ചുമതല വഹിക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി
റോജി എം. ജോൺ നിർദ്ദേശം നൽകി.
നിർമ്മാണ അവശിഷ്ടങ്ങൾ വലിയ തോതിലുള്ള ഗതാഗതക്കുരുക്കിന് കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി.
പറവൂർ തെക്കേകനാൽ വഴിയിലെ വെള്ളക്കെട്ട് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇവിടുത്തെ കാന ജൂൺ ഒന്നിന് മുൻപ് വൃത്തിയാക്കണം. കൊച്ചി മെട്രോ റെയിലിൻ്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളിലെ ഡ്രെയിനേജുകളുടെയും ശുചീകരണ ജോലികൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്നും കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ജില്ലാതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് മന്ത്രി ആവശ്യപ്പെട്ടു.
അമൃത് പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ചിട്ടുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർത്ത് അവ സഞ്ചാരയോഗ്യമാക്കണം. അയ്യമ്പുഴ പഞ്ചായത്തിലെ താന്നിക്കോട് - മുണ്ടാപുരം മേഖലയിൽ വലിയ പാറക്കല്ലുകൾ അപകടകരമായ രീതിയിൽ സ്ഥിതി ചെയ്യുന്നുണ്ട്. ഇവ പൊട്ടിച്ചു മാറ്റുന്നതിന് പഞ്ചായത്തിന് പരിമിതികളുള്ളതിനാൽ വലിയ അപകടസാധ്യതയാണ് നിലനിൽക്കുന്നത്. ഈ വിഷയം ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കണം. ഇത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ റേഷൻ കടകളിലും, പ്രത്യേകിച്ച് ഉന്നതികളിലേക്ക് റേഷൻ വിതരണം ചെയ്യുന്ന സഞ്ചരിക്കുന്ന റേഷൻ കടകളിലും അടുത്ത രണ്ട് മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്ക് ഉറപ്പാക്കണം. ചിക്കുൻഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ ജന്തുജന്യ-ജലജന്യ പകർച്ചവ്യാധികൾ തടയുന്നതിന് ആശാവർക്കർമാരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം. രോഗബാധക്ക് സാധ്യതയുള്ള പ്രദേശങ്ങൾ നിരന്തരം നിരീക്ഷിക്കണമെന്നും രോഗപ്പകർച്ച തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു.
സ്കൂളുകളുടെയും സ്കൂൾ ബസുകളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്ന നടപടികൾ വേഗത്തിലാക്കണം. സ്കൂളുകൾ തുറക്കുമ്പോൾ കൊച്ചി നഗരത്തിലും പ്രത്യേകിച്ച് വടുതല, പച്ചാളം പോലുള്ള മേഖലകളിലും സ്കൂൾ ബസുകൾ മൂലം ഗതാഗതക്കുരുക്ക് വർധിക്കാൻ സാധ്യതയുണ്ട്. ഇത് നിയന്ത്രിക്കുന്നതിനായി കൂടുതൽ പോലീസ് സേനയെ നിയമിക്കണം. സ്കൂളുകളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് ആവശ്യമായ പാചകവാതക സിലിണ്ടറുകൾ മുൻഗണനാടിസ്ഥാനത്തിൽ ലഭ്യമാക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് യോഗം നിർദ്ദേശം നൽകി.
ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ ആണെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക പറഞ്ഞു. 'ഓപ്പറേഷൻ വാഹിനി' പദ്ധതിയുടെ ഭാഗമായി അനുവദിച്ച 5 കോടി രൂപയിൽ നിന്നും മേജർ, മൈനർ ഇറിഗേഷൻ വകുപ്പുകൾക്ക് ആവശ്യാനുസരണം തുക കൈമാറിയിട്ടുണ്ട്. ഇതുകൂടാതെ ജിയോ ബാഗുകൾ സ്ഥാപിക്കുന്നതിനായി 2.82 കോടി രൂപയും വീട് നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് 3.37 കോടി രൂപയും ജില്ലക്ക് ലഭിച്ചു. കാലവർഷ മുന്നൊരുക്കങ്ങൾക്കായി ജില്ലയ്ക്ക് പ്രത്യേകമായി ലഭിച്ച 5 കോടി രൂപ, വിവിധ വകുപ്പുകൾ സമർപ്പിക്കുന്ന പ്രൊപ്പോസലുകൾ അനുസരിച്ച് കൈമാറുന്നതായിരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വളരെ പ്രാധാന്യത്തോടെ ട്രീ കമ്മിറ്റികൾ കൂടിയിട്ടുണ്ടെന്നും മഴക്കാല കെടുതികളെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചെയ്തിട്ടുണ്ടെന്നും ഉരുൾപൊട്ടൽ സാധ്യതയുള്ള പഞ്ചായത്തുകളിലും താലൂക്കുകളിലെയും സെക്രട്ടറിമാരുടെയും തഹസിൽദാർമാരുടെയും പ്രത്യേക യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തിയിട്ടുള്ളതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
യോഗത്തിൽ എംഎൽഎമാരായ ടി. ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, ഉമാ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ, ജില്ലാ പോലീസ് മേധാവി എസ് കാളിരാജ് മഹേഷ് കുമാർ, റൂറൽ ജില്ലാ പോലീസ് മേധാവി കെ. സുദർശൻ, സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, അസിസ്റ്റന്റ് കളക്ടർ ഹൃത്വിക് രഞ്ജൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി. ശ്രീകുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments