ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണം
ജില്ലയില്‍ മഴ തുടങ്ങിയതോടെ ഡെങ്കിപ്പനിബാധിതരുടെ എണ്ണം കൂടിയതിനാല്‍ കരുതല്‍ വേണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു.
വെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകാനുള്ള സാഹചര്യം ഒഴിവാക്കണം. പാത്രങ്ങള്‍, ചിരട്ടകള്‍, ടാര്‍പ്പാളില്‍ ഷീറ്റുകള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍ വച്ചിരിക്കുന്ന ട്രേകള്‍ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാനും ആഴ്ചയിലൊരിക്കല്‍ വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടി നില്ക്കുന്ന സാഹചര്യം ഒഴിവാക്കി ശുചിയാക്കാനും ശ്രദ്ധിക്കണം. പനി ലക്ഷണങ്ങള്‍ അവഗണിക്കരുത്.
ചൂട്, ചൂടോടു കൂടിയ കടുത്ത പനി, തലവേദന, ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകള്‍ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആശുപത്രിയിലെത്തി ചികിത്സ തേടണം. അതിശക്തമായ നടുവേദന, കണ്ണിനു പിറകില്‍ വേദന എന്നിവയും ഡെങ്കിപ്പനിയുടെ പ്രത്യേകത ആണ്. സാധാരണ വൈറല്‍ പനിയാണെന്നു കരുതി ചികിത്സിക്കാതിരുന്നാല്‍ രോഗം ഗുരുതരമാകുന്നതിനും മരണത്തിനും കാരണമായേക്കാം. ഒരിക്കല്‍ രോഗം വന്നവര്‍ക്ക് വീണ്ടുമുണ്ടായാല്‍ ഗുരുതരാവസ്ഥയിലേക്ക് പോകാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തിലേ ചികിത്സ തേടണം.
ഇടവിട്ടുള്ള മഴ കൊതുക് പെരുകാനുള്ള സാഹചര്യം ഒരുക്കുമെന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ പ്രവര്‍ത്തനം നടത്തണം. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ഡെങ്കിപ്പനി വ്യാപനത്തിനുള്ള സാധ്യത നിലനില്ക്കുന്നു. പനി വന്നാല്‍ സ്വയംചികിത്സ ഒഴിവാക്കി ആരംഭത്തിലേ ആശുപത്രികളിലെത്തി ചികിത്സ തേടണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഈ ആഴ്ചയിലെ ഡെങ്കിഹോട്സ് പോട്ടുകള്‍
മല്ലപ്പുഴശ്ശേരി, പത്തനംതിട്ട നഗരസഭ, ചന്ദനപ്പള്ളി, കൂടല്‍, കുന്നന്താനം, മല്ലപ്പള്ളി, കൊക്കാത്തോട്. വള്ളിക്കോട്, പന്തളംതെക്കേക്കര, കുളനട , റാന്നി.
- Log in to post comments