അടിസ്ഥാന സൗകര്യ വികസനത്തിൽ വിവേചനമില്ലാത്ത സമീപനം വേണം : മന്ത്രി അനൂപ് ജേക്കബ്
*വര്‍ണാഭമായ ചടങ്ങില്‍ ജില്ലാതല പ്രവേശനോത്സവം
അടിസ്ഥാന സൗകര്യ വികസനത്തിൽ വിവേചനമില്ലാത്ത സമീപനം വേണം.കുട്ടികളുടെ എണ്ണം നോക്കിയല്ല, മറിച്ച് പൊതുവിദ്യാലയങ്ങളുടെ ആവശ്യകത പരിഗണിച്ചാണ് വികസന ഫണ്ടുകൾ അനുവദിക്കേണ്ടതെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.പേഴയ്ക്കാപ്പിള്ളി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എറണാകുളം ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരൊറ്റ കുട്ടി പഠിക്കുന്ന വിദ്യാലയമാണെങ്കിൽ പോലും അവിടെ എല്ലാ ആധുനിക സൗകര്യങ്ങളും ഉറപ്പാക്കണം.അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ ഇത്തരം സ്കൂളുകളിലേക്ക് കൂടുതൽ കുട്ടികൾ കടന്നുവരുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ അധ്യയന വർഷത്തെ വലിയ പ്രതീക്ഷകളോടെയാണ് നോക്കിക്കാണുന്നത്.
വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങളും പുതിയ ആശയങ്ങൾ നടപ്പിലാക്കേണ്ടതിന്റെയും കാലഘട്ടമാണിത്. ഹയർ സെക്കൻഡറി, ഹൈസ്കൂൾ തലങ്ങളിൽ ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളിലും മികച്ച രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിനൊപ്പം തന്നെ എൽ.പി, യു.പി വിദ്യാലയങ്ങളെയും നവീകരിച്ചെടുക്കേണ്ടതുണ്ട്. സി.എസ്.ആർ ഫണ്ടുകൾ അടക്കം പ്രയോജനപ്പെടുത്തിക്കൊണ്ട് ജില്ലയിലെ പ്രൈമറി വിദ്യാലയങ്ങളുടെ നവീകരണം ഊർജ്ജിതമാക്കും. വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതവും ക്രിയാത്മകവുമായ മുന്നേറ്റങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇത്തരം ആശയങ്ങളെ സംയോജിപ്പിച്ചു മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്ത് പലയിടങ്ങളിലും യുദ്ധവും അരക്ഷിതാവസ്ഥയും കാരണം ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾക്ക് പഠനാവസരം നിഷേധിക്കപ്പെടുമ്പോൾ, കേരളത്തിലെ കുട്ടികൾക്ക് മികച്ച സൗകര്യങ്ങളാണ് വിദ്യാലയങ്ങളും രക്ഷിതാക്കളും ഒരുക്കി നൽകുന്നത്. ഈ സുവർണ്ണാവസരം കുട്ടികൾ ഏറ്റവും നന്നായി വിനിയോഗിക്കണം. സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മികച്ച പൗരന്മാരായി വളരുവാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും മന്ത്രി ആശംസിച്ചു.
ചടങ്ങിൽ പ്രവേശനോത്സവ സപ്ലിമെൻ്റും, ജില്ലാ ശുചിത്വമിഷൻ പുറത്തിറക്കിയ ശുചിത്വ സന്ദേശങ്ങൾ അടങ്ങിയ നെയിംസ്ലിപ്പുകളും മന്ത്രി പ്രകാശനം ചെയ്തു.
എസ് എസ് എൽ സി പരിക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികളെയും,സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ സ്കോളർഷിപ്പ് പരീക്ഷകളിൽ നാലാം ക്ലാസിലെ മികവിന് നൽകുന്ന ലോവർ സെക്കൻഡറി സ്കോളർഷിപ്പും (LSS), ഏഴാം ക്ലാസിലെ മികവിന് നൽകുന്ന അപ്പർ സെക്കൻഡറി സ്കോളർഷിപ്പും (USS) നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.
ചടങ്ങിൽ മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ അധ്യക്ഷനായി . എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം മാത്യൂസ് വർക്കി നവാഗതർക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നെജി ഷാനവാസ്, പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സീനത്ത് അസീസ്, പായിപ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെപി ജോയി,വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂബി എ മുഹമ്മദ് ബഷീർ,വാർഡ് മെമ്പർ സ്മിത ദിലീപ്,
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലേഖ മക്കാർ,എസ്എംസി ചെയർമാൻ കെ എൻ നാസർ, ജില്ലാ വിദ്യഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, പ്രിൻസിപ്പാൾ ടി ബി സന്തോഷ്, ഹെഡ്മിസ്ട്രസ് എ സഫീന, പി ടി എ പ്രസിഡൻ്റ് ഫൈസൽ മുണ്ടങ്ങാമറ്റം,
ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍,രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി
- Log in to post comments