സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾ - 2026 പ്രഖ്യാപിച്ചു
പരിസ്ഥിതി സംരക്ഷണ രംഗത്തു ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന വ്യക്തികൾ, സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരെ ആദരിക്കുന്നതിനായി സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് ഏർപ്പെടുത്തിയിട്ടുള്ള 2026 ലെ സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി പത്ര മാധ്യമ പ്രവർത്തകൻ, പരിസ്ഥിതി സംരക്ഷണ സ്ഥാപനം, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നീ വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ലോക പരിസ്ഥിതിദിനമായ ജൂൺ 5-ന് തിരുവനന്തപുരത്തു വച്ചുനടക്കുന്ന സംസ്ഥാനതല പരിസ്ഥിതി ദിനാചരണ ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ പുരസ്‌കാരങ്ങൾ സമർപ്പിക്കും.
ജീജ ഭായ് പി. എം. (പരിസ്ഥിതി സംരക്ഷക പുരസ്‌കാരം), ഡോ.പി.ജെ. സർലിൻ, പ്രൊഫസർ & ഹെഡ്, പി.ജി. & റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജി, ഫാത്തിമ മാതാ നാഷണൽ കോളജ്, കൊല്ലം (പരിസ്ഥിതി ഗവേഷക പുരസ്‌കാരം), ആർ. സാംബൻ, ബ്യൂറോ ചീഫ്, ജനയുഗം ഇടുക്കി ജില്ലാ ബ്യൂറോ, തൊടുപുഴ (പരിസ്ഥിതി അച്ചടി മാധ്യമ പ്രവർത്തക പുരസ്‌കാരം) എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.
സംസ്ഥാനത്തെ പരിസ്ഥിതി സംരക്ഷണരംഗത്തു വിജ്ഞാനവ്യാപനം ഉൾപ്പെടെയുള്ള നൂതനവും, മാതൃകാപരവുമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ, കാർഷിക കോളേജ്, വെള്ളായണി, തിരുവനന്തപുരം-ത്തെ മികച്ച പരിസ്ഥിതി സംരക്ഷണസ്ഥാപനമായും തൃശ്ശൂർ മുനിസിപ്പൽ കോർപറേഷൻ-നെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പുരസ്‌കാരത്തിനായും തെരഞ്ഞെടുത്തു.
പി.എൻ.എക്‌സ്. 1777/2026
- Log in to post comments