സെന്‍സസ് 2027: സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ജൂണ്‍ 16 മുതല്‍ അവസരം
രാജ്യത്തെ പ്രഥമ ഡിജിറ്റല്‍ സെന്‍സസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യം ജൂണ്‍ 16 മുതല്‍ ലഭ്യമാകും. ജൂണ്‍ 16 മുതല്‍ 30 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. ജൂലൈ ഒന്നു മുതല്‍ 31 വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിന് മുന്നോടിയായാണ് വ്യക്തികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നേരിട്ട് സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. 15-20 മിനിറ്റിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
പൊതുജനങ്ങള്‍ക്ക് https://se.census.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് സംസ്ഥാനം തെരഞ്ഞെടുത്ത ശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യാം. ഒരു കുടുംബത്തിന് ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഒരിക്കല്‍ തെരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാന്‍ കഴിയില്ല. ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കുക. തുടര്‍ന്ന് പോര്‍ട്ടലിലെ മാപ്പില്‍ കൃത്യമായ താമസസ്ഥലം 'റെഡ് മാര്‍ക്കര്‍' ഉപയോഗിച്ച് അടയാളപ്പെടുത്തേണ്ടതുണ്ട്. തുടര്‍ന്ന് സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വിവരങ്ങള്‍ പരിശോധിച്ച ശേഷം (പ്രിവ്യൂ) അന്തിമ സമര്‍പണം നല്‍കാം.
വിവരങ്ങള്‍ വിജയകരമായി രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ 'എച്ച്' എന്ന് തുടങ്ങുന്ന 11 അക്ക പ്രത്യേക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐഡി (എസ്.ഇ. ഐഡി) ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ പിന്നീട് വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. ജൂണ്‍ 30-നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-ഇന്യൂമറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അങ്ങനെയുള്ളവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തി ശേഖരിക്കും.
സെന്‍സസിന്റെ പ്രാധാന്യം
ഭരണവും നയവും- സമഗ്രമായ ഡാറ്റ അധിഷ്ഠിത തീരുമാനങ്ങള്‍ക്കായുള്ള വിവരാധിഷ്ഠിത നയ രൂപീകരണം.
പൊതു അടിസ്ഥാന സൗകര്യങ്ങള്‍- റോഡുകള്‍, വൈദ്യുതി, ശുചിത്വം എന്നിവയുടെ വികസനം.
ആരോഗ്യ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍- ആശുപത്രികള്‍, സ്‌കൂളുകള്‍, അവശ്യസേവനങ്ങള്‍ എന്നിവയ്ക്കായുള്ള ആസൂത്രണത്തെ പിന്തുണയ്ക്കും.
ദുരന്ത തയ്യാറെടുപ്പ്-സമയബന്ധിതമായ പ്രതികരണത്തിനായി ദുര്‍ബല ജനവിഭാഗങ്ങളെ തിരിച്ചറിയുന്നു.
നഗര - ഗ്രാമ ആസൂത്രണം- അധിവാസ രീതികളും ജനസംഖ്യാ പ്രവണതകളും അറിയിക്കുന്നു.
അക്കാദിമ ഗവേഷണം- സാമ്പത്തികശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിലെ പഠനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു.
ക്ഷേമം- പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍, മറ്റ് സമുദായങ്ങള്‍, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍, ദുര്‍ബലവിഭാഗങ്ങള്‍ എന്നിവര്‍ക്കായുള്ള പദ്ധതികള്‍ ശക്തിപ്പെടുത്തുന്നു.
ശേഖരിക്കുന്ന വിവരങ്ങള്‍
വീടുകളുടെ അവസ്ഥ: വീടുകളുടെ അവസ്ഥ, ലഭ്യമായ സൗകര്യങ്ങള്‍, കുടുംബത്തിന് ലഭ്യമായ ആസ്തികള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ ഡാറ്റ
ജനസംഖ്യാശാസ്ത്രം: പ്രായവും ലിംഗഭേദവും, വൈവാഹികാവസ്ഥ, പ്രത്യുത്പാദനക്ഷമത, ബന്ധം, കുടുംബത്തിന്റെ വലുപ്പം മുതലായവ.
സാമൂഹികസാമ്പത്തിക സൂചകങ്ങള്‍: വിദ്യാഭ്യാസം, സാമ്പത്തിക പ്രവര്‍ത്തനം, കുടിയേറ്റം, ജനന സ്ഥലം മുതലായവ
സാമൂഹികവും സാംസ്‌കാരികവുമായ സവിശേഷതകള്‍: മതം, ഭാഷ/മാതൃഭാഷ, വൈകല്യസ്ഥിതി മുതലായവ
ജാതി കണക്കെടുപ്പ്: രാജ്യത്തെ എല്ലാ വ്യക്തികളുടെയും ജാതി ശേഖരിക്കും.
ജില്ലാ സെന്‍സസ് കൈപ്പുസ്തകം: വില്ലേജ്/പട്ടണത്തിന്റെ അടിസ്ഥാന സൗകര്യവും പൗര സൗകര്യങ്ങളും, എല്ലാ ജില്ലകളുടെയും സമഗ്രമായ ജനസംഖ്യാ, സാമൂഹിക, സാമ്പത്തിക വിവരങ്ങള്‍
- Log in to post comments