മീറ്റ് യുവർ കളക്ടർ 2.0: അഞ്ചാം അധ്യായം- വിദ്യാർത്ഥികളുമായി സംവദിച്ച് ജില്ലാ കളക്ടർ
മീറ്റ് യുവർ കളക്ടർ 2.0: അഞ്ചാം അധ്യായത്തിൽ എസ്. ബി ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികളുമായി സംവദിച്ച് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ. ഭരണകൂടം സംഘടിപ്പിക്കുന്ന പരിപാടിയിൽ സ്കൂളിലെ ഇരുപതോളം അധ്യാപകരും വിദ്യാർത്ഥികളുമാണ് പങ്കാളികളായത്.
ഒരു വിദ്യാർത്ഥി സ്വയം തയ്യാറാക്കിയ മനോഹരമായ ഡിജിറ്റൽ ആർട്ട് ജില്ലാ കളക്ടർക്ക് ഉപഹാരമായി സമ്മാനിച്ചാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന്, വിദ്യാർത്ഥികളുടെ നിരവദി ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കളക്ടർ മറുപടി നൽകി. ജില്ലയുടെ വികസനസാധ്യതകൾ, യുവതലമുറയ്ക്കിടയിലെ ലഹരി ഉപയോഗം തടയൽ, സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ, ആഗോള കാലാവസ്ഥാ വ്യതിയാനം, ഉറവിടതല മാലിന്യ നിർമാർജന രീതികൾ തുടങ്ങിയ വൈവിധ്യമാർന്നതും സമകാലികവുമായ വിഷയങ്ങളെ മുൻനിർത്തിയായിരുന്നു കുട്ടികളുടെ ചോദ്യങ്ങൾ.
വിവിധ വിഷയങ്ങളിലുള്ള ഭരണപരവും സാമൂഹികവുമായ കാഴ്ചപ്പാടുകൾ കളക്ടർ കുട്ടികളുമായി പങ്കുവച്ചു. പുതിയ തലമുറയുടെ സാമൂഹിക ഉത്തരവാദിത്തബോധം വർദ്ധിപ്പിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും ഇത്തരം സംവാദ വേദികൾ ഏറെ സഹായകരമാണെന്ന് കളക്ടർ ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥികൾക്ക് രാജ്യത്തെ ഭരണസംവിധാനങ്ങളെ അടുത്തറിയുന്നതിനും അവരുടെ സംശയങ്ങൾ നേരിട്ട് ചോദിച്ചറിയുന്നതിനും മികച്ചൊരു വേദിയാണ് 'മീറ്റ് യുവർ കളക്ടർ 2.0' . (ഫോട്ടോ)
- Log in to post comments