ബഡ്‌സ് സ്ഥാപനങ്ങളിൽ പ്രവേശനോത്സവം
ജില്ലയിലെ ബഡ്‌സ് സ്‌കൂളുകളിലും ബി.ആർ.സി. (ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ) സ്ഥാപനങ്ങളിലുമായി പ്രവേശനോത്സവം ആരംഭിച്ചു. ജൂൺ ഒൻപത് വരെയുള്ള ദിവസങ്ങളിലാണ് ജില്ലയിൽ ബഡ്‌സ് പ്രവേശനോത്സവം നടക്കുന്നത്.
സംസ്ഥാനതല ഉദ്ഘാടനം ജൂൺ ആറിന് മലപ്പുറത്തെ എ.ആർ. നഗർ ഗ്രാമപഞ്ചായത്ത് സ്പെഷ്യൽ സ്‌കൂളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യും.
പ്രവേശനോത്സവത്തിനു മുന്നോടിയായി മേയ് 23 മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീ സി.ഡി.എസുകളും ബഡ്‌സ്/ബി.ആർ.സി. ഉദ്യോഗസ്ഥരും കുട്ടികളുടെ വീടുകൾ സന്ദർശിച്ച് മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീയുടെ ഭാഗമായി പ്രവർത്തിക്കുന്ന ബഡ്‌സ്/ബി.ആർ.സി. സ്ഥാപനങ്ങൾ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വിദ്യാഭ്യാസവും പരിശീലനവും പിന്തുണയും നൽകുന്ന കേന്ദ്രങ്ങളാണ്. ജില്ലയിൽ വെളിയന്നൂർ, രാമപുരം, തൃക്കൊടിത്താനം, ഞീഴൂർ, പള്ളിക്കത്തോട്, കിടങ്ങൂർ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായി ഏഴ് ബഡ്‌സ് ബി.ആർ.സി. സ്ഥാപനങ്ങളാണുള്ളത്. എലിക്കുളം, വെള്ളൂർ, മീനച്ചിൽ ഗ്രാമപഞ്ചായത്തുകളിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
- Log in to post comments