Skip to main content

പകർച്ചവ്യാധി പ്രതിരോധ  പ്രവർത്തനങ്ങൾ വിലയിരുത്തി  ജില്ലാതല ഇന്റർ സെക്ടറൽ യോഗം

പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാതലത്തിൽ ഇന്റർ സെക്ടറൽ യോഗം  കോട്ടയം എൻ.ആർ.എച്ച്.എം ഹാളിൽ ചേർന്നു.  ഡെപ്യൂട്ടി കളക്ടർ സജിത്ത് നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൻ. പ്രിയ അധ്യക്ഷത വഹിച്ചു.  പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്താൻ യോഗം തീരുമാനിച്ചു.  പകർച്ചവ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട പഞ്ചായത്തുകളിൽ കൂടുതൽ ജാഗ്രത പുലർത്തും.  സ്‌കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വഴി ജാഗ്രതാ നിർദ്ദേശങ്ങൾ നൽകും. വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരണം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന് നിർദ്ദേശം നൽകി.  ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പരിപാടിയുടെ ഭാഗമായി യോഗം വിളിക്കും.  ലഹരി ഉപയോഗം വഴി പകരുന്ന രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, എക്സൈസ്, പോലീസ്, ഡ്രഗ്‌സ് കൺട്രോൾ വിഭാഗം എന്നിവയുടെ സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചു.  ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ജെസി ജോയ് സെബാസ്റ്റ്യൻ, ഏകാരോഗ്യം ജില്ലാ നോഡൽ ഓഫീസർ ഡോ. ലിന്റോ ലാസർ, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. പ്രസീദ തുടങ്ങിയവർ  സംസാരിച്ചു.

date