Skip to main content

*കോളിയാടി സ്‌കൂളിലെ ഭക്ഷ്യവിഷബാധ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ടി സിദ്ദിഖ് ആശുപത്രികളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്*

ജില്ലയിലെ കോളിയാടി മാര്‍ ബസേലിയോസ് എ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഭക്ഷ്യ വിഷബാധയെ തുടർന്ന് പനി, ചര്‍ദ്ദി, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകള്‍ കണ്ട വിഷയത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. കോഴിക്കോട് ഈസ്റ്റ്ഹില്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആവശ്യമായ ശിശുരോഗ വിദഗ്ധരെ ശനിയാഴ്ച രാവിലെ തന്നെ വിന്യസിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഏറ്റവും മികച്ച ചികിത്സയാണ് നല്‍കി വരുന്നത്. വിഷയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ, ആരോഗ്യ വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതായും മന്ത്രി പറഞ്ഞു. സ്കൂളിലെ കിണറുകളിൽ നിന്നുള്ള വെള്ളത്തിന്റെ സാമ്പിളുകളും ഭക്ഷണവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നാല്‍ മാത്രമേ ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്താനാകൂ. ഇത് രണ്ടു ദിവസത്തിനുള്ളില്‍ ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു. 121 കുട്ടികളിലാണ് പ്രശ്‌നങ്ങള്‍ കണ്ടിട്ടുള്ളത്. ഇതില്‍ 73 കുട്ടികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മുന്‍കരുതലെന്ന നിലയിൽ വരും ദിവസങ്ങളില്‍ കൂടുതല്‍ സ്‌കൂളുകളില്‍ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

date