ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ രൂപികരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ സംസ്ഥാന-ജില്ലാതലത്തിലുള്ള ഔദ്യോഗികപരിപാടികള്‍ നടക്കുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ചുമതലയില്‍ വിപുലമായ ഫോട്ടോ കവറേജ് നല്‍കുന്നതിനായി, അതത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരുടെ അഞ്ചംഗപാനല്‍ തയ്യാറാക്കുന്നു.
ഡിജിറ്റല്‍ എസ്.എല്‍.ആര്./മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റസലൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരായിരിക്കണം അപേക്ഷകര്‍. വൈഫൈ സംവിധാനമുള്ള കാമറകള്‍ കൈവശമുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫറായി സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫറായി സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ഏതു ജില്ലയിലേക്കാണോ അപേക്ഷിക്കുന്നത്, ആ ജില്ലയില്‍ സ്ഥിരതാമസം ഉള്ളവരായിരിക്കണം അപേക്ഷകര്‍. ക്രിമിനല്‍ കേസുകളില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്. അപ്രകാരം അയോഗ്യതയില്ലെന്നു തെളിയിക്കുന്ന രേഖ അപേക്ഷകന് താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസറില്‍ നിന്നു ലഭ്യമാക്കി അഭിമുഖസമയത്ത് ഹാജരാക്കേണ്ടതാണ്.
ഒരു ദിവസം ഫോട്ടോ കവറേജ് നടത്തുന്ന ആദ്യപരിപാടിക്ക് 700/- രൂപയും (എഴുനൂറു രൂപ മാത്രം) തുടര്‍ന്ന് എടുക്കുന്ന രണ്ടു പരിപാടികള്‍ക്ക് 500/- രൂപ (അഞ്ഞൂറു രൂപ മാത്രം) വീതവും പ്രതിഫലം നല്‍കും. ഫോട്ടോ കവറേജിനായി ഒരാള്‍ക്ക് ഒരു ദിവസം പരമാവധി 1,700/- രൂപയാണ് (ആയിരത്തി എഴുനൂറു രൂപ മാത്രം) പ്രതിഫലമായി നല്‍കുക. ഒരു പ്രോഗ്രാം സ്ഥലത്ത് വിവിധ പദ്ധതികളുടെ ഫോട്ടോ കവേറേജ് നടത്തിയാലും ഒരു പരിപാടിയുടെ കവറേജിനുള്ള പ്രതിഫലമേ നല്‍കൂ. ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ഫോട്ടോഗ്രാഫര്‍മാര്‍ എടുക്കുന്ന എല്ലാ ചിത്രങ്ങളും (അസ്സലും എഡിറ്റ് ചെയ്തവയും ഉള്‍പ്പെടെ) ഫോട്ടോഗ്രാഫി രജിസ്റ്ററില്‍ ചേര്‍ക്കേണ്ട എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്നതിനായി നല്‍കേണ്ടതാണ്.
പാനലില്‍ ഉള്‍പ്പെട്ട് കരാറില്‍ ഏര്‍പ്പെടുന്നവര്‍ ഓരോ പരിപാടിയുടെയും ഫോട്ടോ എടുത്ത് അര മണിക്കൂറിനുള്ളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കു ലഭ്യമാക്കണം. ഒരു
സര്‍ക്കാര്‍ പരിപാടിയുടെ ഫോട്ടോ കവറേജ് നടത്തുമ്പോള്‍ പരിപാടിയുമായി ബന്ധപ്പെട്ട അനുബന്ധചിത്രങ്ങള്‍ (കെട്ടിടങ്ങള്‍, ലാന്‍ഡ്സ്കേപ്പ്, പ്രമുഖവ്യക്തികള്‍ ഉള്‍പ്പെടെയുള്ള പ്രൊഫൈല്‍ ചിത്രങ്ങള്‍ തുടങ്ങിയവ) നിര്‍ബന്ധമായും എടുക്കണം.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്നോ ഡയറക്ടറേറ്റില്‍ നിന്നോ നിയോഗിക്കാത്ത പരിപാടികള്‍ പാനല്‍ ഫോട്ടോഗ്രാഫര്‍മാര്‍ സ്വന്തനിലയ്ക്ക് എടുക്കാന്‍ പാടില്ല; എടുത്താല്‍ പ്രതിഫലം നല്‍കില്ല. പാനല്‍ ഫോട്ടോഗ്രാഫര്‍മാരെ നിയോഗിച്ച പരിപാടികളുടെ മുഴുവന്‍ ചിത്രങ്ങളും വകുപ്പിന്റെ പ്രോപ്പര്ട്ടിയായിരിക്കും. അത് സ്വകാര്യാവശ്യത്തിന് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പാനലില്‍ നിന്നു നീക്കം ചെയ്യുന്നതും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്. കരാര്‍ ഒപ്പിടുന്ന തീയതി മുതല്‍ തുടര്‍വര്‍ഷം മാര്‍ച്ച് 31 വരെയായിരിക്കും പാനലിന്റെ കാലാവധി. കരാറിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കരാറുകാരനെ പാനലില്‍ നിന്നു നീക്കം ചെയ്യും.
ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ 2026 ജൂണ്‍ 20-ന് പകല്‍ 5 മണി വരെ അതത് ജില്ലാ ആസ്ഥാനത്തെ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സ്വീകരിക്കും. തപാലിലോ നേരിട്ടോ അപേക്ഷയും അനുബന്ധരേഖകളും നല്‍കാം. ഇ-മെയിലില്‍ അയയ്ക്കുന്നവ സ്വീകരിക്കില്ല.
പേര്, വീട്ടുവിലാസം, ഏറ്റവും പുതിയ ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള ഫോട്ടോഗ്രാഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തിയാണ് അപേക്ഷ തയാറാക്കേണ്ടത്. ഐഡന്റിറ്റി തെളിയിക്കാനായി ഫോട്ടോ പതിച്ച ഏതെങ്കിലും ആധികാരികരേഖയുടെ (എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്/ആധാര്‍/തിരഞ്ഞെടുപ്പ് ഐഡന്റിറ്റി കാര്‍ഡ്/പാന്‍ കാര്‍ഡ്/ഡ്രൈവിങ് ലൈസന്‍സ്/ പാസ്പോര്‍ട്ട്) പകര്‍പ്പ്, മുന്‍പ് എടുത്ത അഥവാ പ്രസിദ്ധീകരിച്ച മൂന്ന് ഫോട്ടോകളുടെ പ്രിന്റ് അല്ലെങ്കില്‍ അവ പ്രസിദ്ധീകരിച്ച പത്രഭാഗത്തിന്റെ ഫോട്ടോ കോപ്പി എന്നിവയും ഉള്ളടക്കം ചെയ്യണം. എല്ലാ രേഖകളും പേരും ഒപ്പും തീയതിയും ചേര്‍ത്ത് സ്വയം സാക്ഷ്യപ്പെടുത്തണം.
അസല്‍ രേഖകളുടെയും ഉപകരണങ്ങളുടെയും പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക. നിശ്ചിതതീയതിക്കകം ലഭിക്കുന്ന അപേക്ഷകളുടെ പ്രാഥമികപരിശോധനയ്ക്കു ശേഷം, അസല്‍ രേഖകളുടെ വിശദപരിശോധനയ്ക്കും പ്രായോഗികപരീക്ഷയ്ക്കും അഭിമുഖത്തിനും എത്താന്‍ അര്‍ഹതയുള്ളവര്‍ക്ക് കത്തു നല്‍കും. പരിശോധനയ്ക്കും അഭിമുഖത്തിനും പ്രായോഗികപരീക്ഷയ്ക്കും എത്തുന്നവര്‍ കാമറയും അനുബന്ധ ഉപകരണങ്ങളും കൊണ്ടുവരണം. പൊലീസ് എസ്.എച്ച്.ഒ.യില്‍ നിന്നുള്ള റിപ്പോര്‍ട്ട്/സാക്ഷ്യപത്രം ഉള്‍പ്പെടെയുള്ള അസല്‍ രേഖകളും കൊണ്ടുവരണം. ഓരോ ജില്ലയിലും അഞ്ചു പേരെ പാനലില്‍ ഉള്‍പ്പെടുത്തും. പാനലിന്റെ അംഗീകാരം സംബന്ധിച്ച അന്തിമതീരുമാനം വകുപ്പ് ഡയറക്ടറുടേതായിരിക്കും.
സര്‍ക്കുലര്‍/നോട്ടീസ് പരിശോധിക്കുന്നതിനും നോട്ടീസ് സംബന്ധമായ വ്യക്തതയ്ക്കും കോട്ടയം/ഇടുക്കി/പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0481-2562558/04862 233036/04682 222657.
- Log in to post comments