Skip to main content

ഉയരപ്പാത നിര്‍മ്മാണത്തിലെ പരാതികള്‍ പരിഹരിക്കാന്‍ സംയുക്ത പരിശോധന

ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി അരൂര്‍ മുതല്‍ തുറവൂര്‍ വരെ നിര്‍മ്മിക്കുന്ന ഉയരപ്പാതയുടെയും അനുബന്ധ റോഡുകളുടെയും നിര്‍മ്മാണത്തിലെ അപാകം പരിഹരിക്കാന്‍ സംയുക്ത പരിശോധന നടത്താന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

 ഡെപ്യൂട്ടി സ്പീക്കറും  അരൂര്‍ എം എല്‍ യുമായ  ഷാനിമോള്‍ ഉസ്മാന്റെ  അധ്യക്ഷതയിലായിരുന്നു യോഗം. പൊതുമരാമത്തു വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് ,ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ സംയുക്ത സംഘത്തിലുണ്ടാകും. റോഡിന് സമീപത്തെ കാനകളുടെ ഉയരക്കൂടുതല്‍ വ്യാപാരികള്‍ക്കും വഴിയാത്രക്കാര്‍ക്കും  പ്രദേശവാസികള്‍ക്കും  ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി  ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പരാതിക്കാരുടെ ആശങ്കകള്‍ പരിഹരിച്ച് മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാവൂ എന്ന് നിര്‍ദ്ദേശിച്ചു. തുറവൂര്‍ ജംഗ്ഷന് തെക്കുവശം അണ്ടര്‍പാസ് നിര്‍മ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യവും ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച ചെയ്തു. 

തുറവൂരില്‍ 220 കെ.വി. സബ്‌സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള സ്ഥലത്തുനിന്നും രണ്ടേക്കര്‍ സ്ഥലം കെ.എസ്.ഇ.ബി.ക്ക് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കാനും യോഗം തീരുമാനിച്ചു. സബ്‌സ്റ്റേഷന്റെ ടെന്‍ഡര്‍ നടപടികള്‍ ഒരു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി. യോഗത്തില്‍ അറിയിച്ചു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയിലെ വൈദ്യുതി പ്രതിസന്ധികള്‍ക്ക് ഭൂരിഭാഗവും പരിഹാരമാകും. ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് ഒഴിവാക്കാൻ വാട്ടര്‍ അതോറിറ്റി ,  ദേശീയപാത അതോറിറ്റി,തദ്ദേശ സ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍  തുടങ്ങിയവരുടെ ഒരു സംഘവും  സംയുക്തപരിശോധന നടത്തി പരിഹാരം  കാണാൻ യോഗം നിർദേശിച്ചു. 

അരൂര്‍ മണ്ഡലത്തിലെ  തീരദേശ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള അഞ്ച്  കോടി രൂപയുടെ ഡി.പി.ആര്‍. ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. പദ്ധതിയുടെ നിര്‍മ്മാണം സമയബന്ധിതമായി ആരംഭിക്കും. കുത്തിയതോട്, എഴുപുന്ന, തുറവൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ തീരദേശ കുടിവെള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഷാനിമോള്‍ ഉസ്മാന്‍ അറിയിച്ചു. ചേരിങ്കല്‍, മൂര്‍ത്തിങ്കല്‍, ഹേലാപുരം പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്നും  ആവശ്യപ്പെട്ടു.  

 ജില്ലാ കളക്ടര്‍ ഷാജി വി  നായര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ , വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി., റവന്യൂ വകുപ്പ്,  തദ്ദേശ സ്വയം ഭരണ വകുപ്പ്,   മോട്ടോര്‍ വാഹന വകുപ്പ് , പൊലീസ്  തുടങ്ങി വിവിധ വകുപ്പുകളിലെ  ഉദ്യോഗസ്ഥര്‍ യോഗത്തിൽ പങ്കെടുത്തു.

date