Skip to main content

ഇടുക്കി വികസന പാക്കേജ്: പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം ഇടുക്കി പാക്കേജ് അവലോകന യോഗം

ഇടുക്കി വികസന പാക്കേജ് പ്രകാരം നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇടുക്കി പാക്കേജ് അവലോകന യോഗത്തില്‍ തീരുമാനം. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി., ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംഎല്‍എമാരായ റോയ് കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു, എഫ്. രാജ തുടങ്ങിയവര്‍ പങ്കെടുത്തു. വികസന പദ്ധതികള്‍ തയാറാക്കുമ്പോള്‍ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഇടുക്കി ജില്ലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇടുക്കി വികസന പാക്കേജ് നടപ്പാക്കുന്നത്. ജില്ലയുടെ സവിശേഷ ഭൂപ്രകൃതിയും കാലാവസ്ഥയും പ്രയോജനപ്പെടുത്തി സുസ്ഥിര വികസനം ഉറപ്പാക്കുകയാണ് ലക്ഷ്യം. 2021 ലാണ് പാക്കേജ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ രൂപീകരിച്ചത്. ഓരോ വര്‍ഷവും 75 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തുന്നത്. 2026-27 സാമ്പത്തിക വര്‍ഷം 80 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പദ്ധതികള്‍ തയാറാക്കുന്നതിലും നടപ്പാക്കുന്നതിലും ഉദ്യോഗസ്ഥര്‍ കാര്യക്ഷമതയോടെ ഇടപെടണമെന്ന് യോഗം നിര്‍ദേശിച്ചു. ഇടുക്കി പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. സ്‌പെഷ്യല്‍ ഓഫീസറായി പ്രവര്‍ത്തിക്കേണ്ട ജില്ലാ വികസന കമ്മീഷണര്‍ നിലവില്‍ ജില്ലയില്‍ ഇല്ലാത്ത സാഹചര്യത്തിലാണിത്. വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഡ്രോയിംഗും ഡിസൈനും ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ അറിയിക്കും.  

2022 മുതല്‍ 2026 വരെ ആകെ 65 പ്രവൃത്തികളാണ് ജില്ലാതല സമിതി ശുപാര്‍ശ ചെയ്തത്. ഇതില്‍ 31 പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. ആകെ 14,60,12,792 (14.60 കോടി) രൂപയാണ് ഇതുവരെ ചെലവഴിച്ചത്. 2022-23, 2023-24, 2024-25, 2025-26 വര്‍ഷങ്ങളില്‍ ഭരണാനുമതി ലഭിച്ച വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി.

2022-23 വര്‍ഷത്തില്‍ ആറ് പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. രാജാക്കാട്, മൂന്നാര്‍, ബൈസണ്‍വാലി, വെള്ളിയാമറ്റം എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന മാതൃകാ നീര്‍ത്തട വികസന പദ്ധതികളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. രണ്ട് കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. വണ്ടിപ്പെരിയാര്‍ കനാല്‍ പുനരുദ്ധാരണവും വെള്ളപ്പൊക്ക നിയന്ത്രണ പ്രവൃത്തികളും നടപ്പാക്കുന്നതിന് പ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു. ഇടുക്കി ഗവ. എന്‍ജിനീയറിംഗ് കോളേജ് മള്‍ട്ടിപ്പര്‍പ്പസ് ജിം ആന്റ് അമിനിറ്റി സെന്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം പുരോഗിക്കുകയാണ്. ഏലപ്പാറയിലെ ചെമ്മണ്ണ് ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ പശ്ചാത്തല സൗകര്യ വികസനം, ഇടുക്കി ഡാം റിസര്‍വോയറില്‍ ടൂറിസ്റ്റ് ബോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തല്‍ എന്നീ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ യോഗം നിര്‍ദേശിച്ചു. ഇടുക്കി ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനും ടൂറിസം ബ്രാന്‍ഡിംഗുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് മാസ്റ്റര്‍ പ്ലാനിന്റെ കരട് അവതരിപ്പിക്കാന്‍ നിര്‍ദേശം നല്‍കി.

2023-24 ല്‍ 9 പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. വന്യജീവി സംഘര്‍ഷ മേഖലകളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതിപൂര്‍ത്തിയായി. പിന്നാക്ക/പ്ലാന്റേഷന്‍ മേഖലകളില്‍ 10 മാതൃകാ അങ്കണവാടികള്‍ നിര്‍മ്മിക്കുന്ന പദ്ധതിയല്‍ ഇടമലക്കുടിയില്‍ അഞ്ച് അങ്കണവാടികളുടെ നിര്‍മ്മാണത്തിന് കരാറായി. ഇവിടെ റോഡ് പണി നടക്കുന്ന സാഹചര്യത്തില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. സമഗ്ര ക്ഷീര വികസനം ലക്ഷ്യമിട്ട് ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്ന പദ്ധതിയില്‍ 39 സംഘങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയായി. മറയൂര്‍ ശര്‍ക്കര ക്ലസ്റ്റര്‍ പദ്ധതിയില്‍ പട്ടികവര്‍ഗ വികസന വകുപ്പുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. നരകക്കുഴി പാലം നിര്‍മ്മാണം പൂര്‍ത്തിയായി. നൂലംപാറ പാലം നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. പുല്ലാട്ടുപടി പാലം നിര്‍മ്മാണം പുനര്‍ ടെന്‍ഡര്‍ ഘട്ടത്തിലാണ്. ഉടുമ്പന്‍ചോല ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ കോളേജ് വികസനം, വന്യജീവി സംഘര്‍ഷ മേഖലകളിലെ സോളാര്‍ ഫെന്‍സിംഗ്, കട്ടപ്പന ഗവണ്‍മെന്റ് കോളേജിലെ ആധുനിക ലബോറട്ടറികളുടെ നിര്‍മ്മാണം എന്നീ പദ്ധതികളും പുരോഗമിക്കുകയാണ്.

2024-25 വര്‍ഷം മൂന്ന് പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. നെടുങ്കണ്ടം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണം, വെസ്റ്റ് കോടിക്കുളം ഗവണ്‍മെന്റ് എച്ച് എസ് എസ് കെട്ടിട നിര്‍മ്മാണം, വഞ്ചിവയല്‍-വള്ളക്കടവ് ഗവണ്‍മെന്റ് ട്രൈബല്‍ ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മാണം എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്.

2025-26 വര്‍ഷം 13 പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. ഇടുക്കി മെഡിക്കല്‍ കോളേജ് കാത്ത് ലാബ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പതിനാറാംകണ്ടം പ്രകാശ് റോഡ് നിര്‍മ്മാണം, പെരിയാറിന് കുറുകെ ചെക്ക് ഡാം കം ബ്രിഡ്ജ് നിര്‍മ്മാണം, തങ്കമണി-ഇരുക്കുട്ടി - പാണ്ടിപ്പാറ റോഡ് നിര്‍മ്മാണം എന്നീ പദ്ധതികള്‍ പുരോഗമിക്കുന്നു. ചെറുതോണി ടൗണ്‍ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതി നിര്‍ദേശം സമര്‍പ്പിക്കും. അടിമാലി താലൂക്ക് ആശുപത്രിയില്‍ കാത്ത് ലാബ് മൂന്നു മാസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അടിമാലി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നിര്‍മ്മാണം, അണക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ കെട്ടിട നിര്‍മ്മാണം, കൊരങ്ങാട്ടി മന്നാംകണ്ടം ഗവണ്‍മെന്റ് ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മാണം, പെരിങ്ങാശേരി ജിടിഎച്ച്എസ്എസില്‍ പെണ്‍കുട്ടികള്‍ക്കായി പ്രീ മെട്രിക് ഹോസ്റ്റല്‍ കെട്ടിടം നിര്‍മ്മാണം, അടിമാലി താലൂക്ക് ആശുപത്രിയില്‍ ബഹുനില മന്ദിരം നിര്‍മ്മാണം, ഇടുക്കി നഴ്‌സിംഗ് കോളേജ് പുതിയ ഹോസ്റ്റല്‍ ബ്ലോക്ക് നിര്‍മ്മാണം എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്. ഏലം കൃഷിനാശത്തിന് ധനസഹായം നല്‍കുന്നതിനായുള്ള പാക്കേജ് വേഗത്തില്‍ നടപ്പാക്കാനും നിര്‍ദേശം നല്‍കി.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍
സബ് കളക്ടര്‍മാരായ വി.എം. ആര്യ, അനൂപ് ഗാര്‍ഗ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. ജ്യോതിമോള്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date