Skip to main content

പി.ആർ.ഡി വീഡിയോ സ്ട്രിങ്ങർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

 

കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ രൂപീകരിക്കുന്ന വീഡിയോ സ്ട്രിങ്ങർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി/പ്ലസ്ടുവാണ് അഭിലഷണീയ യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ന്യൂസ് ക്ലിപ്പ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവർ നൽകി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം വേണം. പി.ആർ.ഡിയിൽ പ്രവൃത്തിപരിചയമുള്ളവർക്കും ഇലക്ട്രോണിക് വാർത്താ മാധ്യമത്തിൽ വീഡിയോഗ്രാഫി/വീഡിയോ എഡിറ്റിങ് എന്നിവയിൽ പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. സ്വന്തമായി ഫുൾ എച്ച്.ഡി പ്രൊഫഷണൽ കാമറയും നൂതന അനുബന്ധ ഉപകരണങ്ങളും ഉള്ളവരായിരിക്കണം. അപേക്ഷകർ ക്രിമിനൽ കേസിൽപ്പെട്ടവരോ ശിക്ഷിക്കപ്പെട്ടവരോ കുറ്റാരോപണ വിധേയരോ ക്രിമിനൽ പശ്ചാത്തലമുള്ളവരോ ആകരുത്. താമസപരിധിയിലെ സ്റ്റേഷൻഹൗസ് ഓഫീസറിൽ നിന്നും സ്വാഭാവ സർട്ടിഫിക്കറ്റും കേസുകൾ ഇല്ലെന്നത് സംബന്ധിച്ച രേഖയും അപേക്ഷക്കൊപ്പം ഹാജരാക്കണം. 

വിഷ്വൽ വേഗത്തിൽ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ് വേണം. പ്രൊഫഷണൽ എഡിറ്റ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത ലാപ്‌ടോപ് സ്വന്തമായും ഉണ്ടായിരിക്കണം. ദൃശ്യങ്ങൾ തത്സമയം നിശ്ചിത സെർവറിൽ അയക്കാനുള്ള സംവിധാനവും ഉണ്ടായിരിക്കണം. എഡിറ്റ് സ്യൂട്ട്, നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിങ് സൗകര്യങ്ങൾ എന്നിവ സ്വന്തമായുള്ളത് അധിക യോഗ്യതയായി പരിഗണിക്കും. ലൈവ് വീഡിയോ ട്രാൻസ്മിഷൻ, സ്വന്തമായി ബാക്ക്പാക്ക് പോർട്ടബിൾ വീഡിയോ ട്രാൻസ്മിറ്റർ എന്നീ സംവിധാനങ്ങൾ ഉള്ളവർക്ക് മുൻഗണന. പരിപാടി നടന്ന് അരമണിക്കൂറിനകം വാട്ട്‌സാപ്പ്, ടെലിഗ്രാം തുടങ്ങി ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിഷ്‌കർഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നൽകണം.

അപേക്ഷകർ ജില്ലയിൽ സ്ഥിരതാമസമുള്ളവരും ഡ്രൈവിങ് ലൈസൻസ് ഉള്ളവരുമായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്താൻ കഴിയണം. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് തന്നെ വീഡിയോകൾ മാധ്യമങ്ങൾക്ക് നൽകുന്നതിന് മൾട്ടി സിം ഡോങ്കിൾ ഉണ്ടായിരിക്കണം. 
പേര്, വീട്ടുവിലാസം, വിദ്യാഭ്യാസയോഗ്യത, ഫോൺ നമ്പർ, ഇ-മെയിൽ  വിലാസം, കൈവശമുള്ള വീഡിയോഗ്രഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തിയ അപേക്ഷയും ബന്ധപ്പെട്ട രേഖകളും ജൂൺ 19ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ പി.ഒ, കണ്ണൂർ-2, എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷകൾ ഇമെയിലിൽ സ്വീകരിക്കുന്നതല്ല. ഫോൺ: 04972 700231

date