Skip to main content
..

പ്രിയദര്‍ശിനി പദ്ധതി ജില്ലാതല ഉദ്ഘാടനം സ്ത്രീകള്‍ക്കും മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുമായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി ബിന്ദു കൃഷ്ണ

സംസ്ഥാനത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മുന്‍ഗണനാ വിഭാഗങ്ങളുടെ ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍  ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് വനിതാ-ശിശുക്ഷേമ, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ജനക്ഷേമം, നാടിന്റെ വികസനം എന്നിവ ലക്ഷ്യമാക്കിയുളള പദ്ധതികള്‍ സമയബന്ധിതമായി ജനങ്ങളിലേക്ക് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദര്‍ശിനി' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജില്ലയില്‍ ആദ്യഘട്ടത്തില്‍ 298 കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളിലാണ് 'പ്രിയദര്‍ശിനി' പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം പദ്ധതി പ്രകാരം ഒരുക്കിയ പ്രത്യേക ബസുകളുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മവും മന്ത്രി നിര്‍വഹിച്ചു. തുടര്‍ന്ന് കരിക്കോട്-കുണ്ടറ-കൊട്ടാരക്കര റൂട്ടിലെ ഓര്‍ഡിനറി ബസില്‍ മന്ത്രിയും കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒന്നിച്ച് സഞ്ചരിച്ചു.

ചടങ്ങില്‍ മേയര്‍ എ കെ ഹഫീസ് അധ്യക്ഷനായി. ഇരവിപുരം മണ്ഡലത്തിലെ പദ്ധതിയുടെ ഉദ്ഘാടനം വിഷ്ണു മോഹന്‍ എം എല്‍ എ നിര്‍വഹിച്ചു. എന്‍. കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യാതിഥിയായി. ഡിവിഷന്‍ കൗണ്‍സിലര്‍ കുരുവിള ജോസഫ്, കൊല്ലം എ.ടി.ഒ അജിത് കുമാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date