Skip to main content
വയോജന ക്ഷേമ പദ്ധതികൾ വിപുലീകരിക്കുമെന്ന് മേയർ 

വയോജന ക്ഷേമ പദ്ധതികൾ വിപുലീകരിക്കുമെന്ന് മേയർ 

 

എല്ലാ വാർഡുകളിലും വയോജനങ്ങൾക്ക് വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നതിന് സായംപ്രഭ പദ്ധതി വ്യാപിപ്പിക്കാൻ കോർപ്പറേഷൻ ആസൂത്രണം ചെയ്തുവരികയാണെന്ന് കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര പറഞ്ഞു. 

ലോക വയോജന അതിക്രമ ബോധവത്കരണ ദിനത്തോടനുബന്ധിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ എസ്.എൻ കോളേജിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. “തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി.

വയോജനങ്ങളെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവജനങ്ങൾ ചേർത്തുപിടിക്കണം. വീടുകളിൽ ഒറ്റപ്പെട്ട വയോജനങ്ങളെ ഒരുമിപ്പിക്കുന്ന സ്ഥാപനങ്ങളും അന്തരീക്ഷവും ഒരുക്കൽ ഏറ്റവും പ്രധാനമാണെന്നും മേയർ പറഞ്ഞു. 

സബ് കലക്ടർ കാർത്തിക് പാണിഗ്രഹി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കലക്ടർ സ്വാതി എസ്, മുഖ്യാതിഥിയായി. സിവിൽ ജഡ്ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ മഞ്ജു പി മുഖ്യപ്രഭാഷണം നടത്തി. കോർപ്പറേഷൻ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ റിഷാം താണ വയോജന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വയോജന അതിക്രമ ബോധവത്കരണ റീൽ മത്സരത്തിൽ അദിത് ചന്ദ്രൻ & എൻ.എസ്.എസ് ടീം (കണ്ണൂർ എസ്. എൻ കോളേജ്) ഒന്നാം സ്ഥാനവും അശ്വതി കൃഷ്ണ ആർ (പയ്യന്നൂർ കോളേജ്) രണ്ടാം സ്ഥാനവും നേടി. ഹയർസെക്കന്ററി വിഭാഗത്തിൽ അനാമിക പ്രവീൺ (സെന്റ് ജോസഫ്സ് എച്ച്എസ്എസ് വായാട്ടുപറമ്പ്) ഒന്നാമതും നിവേദ്യ മനോജ്‌ (പി.ഇ.എസ് വിദ്യാലയ എടാട്ട്) രണ്ടാമതുമെത്തി. ഹൈസ്കൂൾ വിഭാഗത്തിൽ അനശ്വര ആർ. ഐ (ജിഎച്ച്എസ്എസ് പാല) ഒന്നാം സ്ഥാനം നേടി. 

പരിപാടിയിൽ ഐ.ഇ.സി പോസ്റ്ററും പർപ്പിൾ റിബണും പ്രകാശനം ചെയ്തു.  വയോജന ക്ഷേമപദ്ധതികൾ, വയോജന സംരക്ഷണ നിയമങ്ങൾ, വയോജനങ്ങൾ നേരിടുന്ന അതിക്രമങ്ങൾ എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസുകളും ബോധവത്കരണ സെഷനുകളും നടത്തി. 

ജില്ലാ സാമൂഹ്യനീതി ഓഫീസർ ബിജു പി, ജില്ലാ വയോജന കൗൺസിൽ അംഗങ്ങളായ സി.പി. ചാത്തുക്കുട്ടി, പ്രസന്നൻ എ.സി,  വാർഡ് കൗൺസിലർ സീന കെ.പി, എസ്.എൻ. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. രാജീവ് എം., പി.സി. വിജയരാജൻ, സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സെക്രട്ടറി രഘുനാഥൻ നമ്പ്യാർ, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. ജിതേഷ് കെ., എൻ.എസ്.എസ് കോർഡിനേറ്റർ ഡോ. ജീഷ്ണ എം.വി, നിതിന്യ ആർ., ശിശു വികസന പദ്ധതി ഓഫീസർ രജനി എം, കെ.എസ്.എസ്.എം ജില്ലാ കോർഡിനേറ്റർ അനീഷ് കെ, എസ്.ഐ.ഡി ജില്ലാ കോർഡിനേറ്റർ  പ്രബിത്ത് കെ.പി, ഗവ. വൃദ്ധസദനം സൂപ്രണ്ട് നിഷാന്ത് കുമാർ സി.വി. എന്നിവർ സംസാരിച്ചു.

date