ദേശീയപാതയിലെ ഗതാഗതതടസ്സം; ആർ.ആർ.ടിയുമായി ചേർന്ന് പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥരോട് കളക്ടർ
ദേശീയപാതയിലെ കുഴികൾ, വെള്ളക്കെട്ട്, ഇതുമൂലമുണ്ടാകുന്ന ഗതാഗത തടസ്സം എന്നീ വിഷയങ്ങളിൽ ആർ.ആർ.ടിയുമായി ചേർന്ന് പരിശോധന നടത്തി നടപടി സ്വീകരിക്കാൻ ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ പി വിഷ്ണുരാജ് നിർദേശം നൽകി. തിങ്കളാഴ്ച്ച ഇത് സംബന്ധിച്ചു കെ.വി സുമേഷ് എം.എൽ.എയുടെ ആവശ്യപ്രകാരം വിളിച്ചുചേർത്ത യോഗത്തിലാണ് നിർദേശം നൽകിയത്.
പാപ്പിനിശ്ശേരി-പുതിയതെരു റോഡിലെ കുഴികൾ, ശ്രീപുരം സ്‌കൂളിന് സമീപമുള്ള വെള്ളക്കെട്ട്, കാഞ്ഞിരത്തറ, ഏരുമൽവയൽ പഞ്ചായത്ത് റോഡിന്റെ തകർച്ച, ചുങ്കം-തുരുത്തി റോഡ് ഭാഗത്തെ പ്രശ്നങ്ങൾ എന്നിവയാണ് പ്രധാനമായും ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരെ ധരിപ്പിച്ചത്. റോഡിന്റെ തകർച്ച മഴക്കാലത്ത് ജനങ്ങളെ കാര്യമായി വലയ്ക്കുന്നത് എം.എൽ.എ ചൂണ്ടിക്കാട്ടി. ദേശീയപാത പ്രവൃത്തിയിൽ പല സ്ഥലങ്ങളിലും ഡ്രൈനേജ് പദ്ധതി ഇല്ലാത്തത് കളക്ടറും പറഞ്ഞു. നിർമാണസാമഗ്രികളുടെ ലഭ്യതക്കുറവ് നേരിടുന്ന വിഷയം ദേശീയപാത വിഭാഗം യോഗത്തെ ധരിപ്പിച്ചു.
ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) കെ. കെ സുബൈർ, തളിപ്പറമ്പ് ആർ.ഡി.ഒ എസ് വന്ദന, ദേശീയപാത വിഭാഗത്തെ പ്രതീനിധീകരിച്ചു എം. രാജശേഖർ, മനോജ് കുമാർ, കെ. വി അബ്‌ദുല്ല, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments