Skip to main content

സെന്‍സസ് 2027: ഇന്ന് മുതല്‍ (ചൊവ്വ) സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യാം

ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ നിര്‍വഹിച്ചു

സെന്‍സസ് 2027 പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായ പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ സ്വയം രേഖപ്പെടുത്താനുള്ള സെല്‍ഫ് എന്യൂമറേഷന്‍ പോര്‍ട്ടലിന്റെ ജില്ലാതല ഉദ്ഘാടനം വിവരങ്ങള്‍ സ്വയം രേഖപ്പെടുത്തി ജില്ലയിലെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ നിര്‍വഹിച്ചു. സെല്‍ഫ് എന്യൂമറേഷന്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് സഹായം നല്‍കാനായി കളക്ടറേറ്റ് പരിസരത്ത് സ്ഥാപിച്ച ഹെല്‍പ് ഡെസ്‌കും ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സെന്‍സസ് നടത്തിപ്പിന്റെ വിശദമായ പ്ലാന്‍ അടങ്ങിയ ഹാന്‍ഡ് ബുക്കിന്റെ പ്രകാശനവും ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ എ.ഡി.എം. സി.എസ്.രാജേഷ്, അഡീഷണല്‍ സെന്‍സസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പൊതുജനങ്ങള്‍ സെല്‍ഫ് എന്യൂമറേഷന്‍ പോര്‍ട്ടലായ https://se.census.gov.in/. വഴി വിവരങ്ങള്‍ രേഖപ്പെടുത്തി സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. വീടുകളുടെ അവസ്ഥ, ലഭ്യമായ സൗകര്യങ്ങള്‍, ആസ്തികള്‍ എന്നിവയുമായി ബന്ധപ്പെട്ട 34 ചോദ്യങ്ങള്‍ക്കാണ് സെല്‍ഫ് എന്യൂമറേഷന്‍ പോര്‍ട്ടലില്‍ ഉത്തരം നല്‍കാനുള്ളത്. മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകള്‍ പോര്‍ട്ടലില്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും.

*സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യുന്ന വിധം*

1.പോര്‍ട്ടല്‍ ലോഗിന്‍: ഔദ്യോഗിക സെല്‍ഫ് എന്യൂമറേഷന്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക. തുടര്‍ന്ന് ഗൃഹനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കുക. (ഒരു മൊബൈല്‍ നമ്പര്‍ ഒരു വീടിന്റെ വിവരങ്ങള്‍ നല്‍കാന്‍ മാത്രമേ ഉപയോഗിക്കാനാകൂ).

2.ഒടിപി & ഭാഷ തിരഞ്ഞെടുക്കല്‍: മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് നിങ്ങള്‍ക്ക് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സൗകര്യപ്രദമായ ഭാഷ (മലയാളം) തിരഞ്ഞെടുക്കാം.

3.സ്ഥലം കൃത്യമായി അടയാളപ്പെടുത്തല്‍: നിങ്ങളുടെ ജില്ല, വില്ലേജ്/ടൗണ്‍, വാര്‍ഡ് എന്നിവ നല്‍കിക്കഴിഞ്ഞാല്‍ സ്‌ക്രീനില്‍ ദൃശ്യമാകുന്ന ഭൂപടത്തില്‍ നിന്നും നിങ്ങളുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം കൃത്യമായി തിരഞ്ഞെടുക്കുക.

4.ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കല്‍: കെട്ടിടത്തിന്റെ അവസ്ഥ (നിലം, ഭിത്തി, മേല്‍ക്കൂര), കുടിവെള്ള സ്രോതസ്സ്, വൈദ്യുതി, ശുചിമുറി സൗകര്യം, ഡിജിറ്റല്‍ ഉപകരണങ്ങള്‍ (ടിവി, ഇന്റര്‍നെറ്റ്, ലാപ്ടോപ്പ്, മൊബൈല്‍), വാഹനങ്ങള്‍, കുടുംബത്തിന്റെ പ്രധാന ഭക്ഷണം തുടങ്ങിയ 34 ചോദ്യങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഓപ്ഷനുകളില്‍ നിന്ന് അനുയോജ്യമായവ തിരഞ്ഞെടുക്കുക.

5.പരിശോധനയും സമര്‍പ്പണവും: വിവരങ്ങളെല്ലാം നല്‍കിക്കഴിഞ്ഞാല്‍ ഒരിക്കല്‍ കൂടി പരിശോധിച്ച് തെറ്റുകളില്ലെന്ന് ഉറപ്പുവരുത്തി സബ്മിറ്റ് ചെയ്യണം. വിവരങ്ങള്‍ വിജയകരമായി സമര്‍പ്പിച്ചു കഴിഞ്ഞാല്‍ 'എച്ച്' എന്ന് ആരംഭിക്കുന്ന 11 അക്ക സെല്‍ഫ് എന്യൂമറേഷന്‍ ഐഡി  നിങ്ങളുടെ മൊബൈലിലും ഇ-മെയിലിലും ലഭിക്കും. ജൂലൈ ഒന്നിന് ശേഷം സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ വരുമ്പോള്‍ ഈ 11 അക്ക നമ്പര്‍ മാത്രം കൈമാറിയാല്‍ മതിയാകും.  ഇനി എന്തെങ്കിലും സാഹചര്യത്തില്‍ ഓണ്‍ലൈനായി നല്‍കിയ വിവരങ്ങളില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍പ്പോലും, പിന്നീട് ഉദ്യോഗസ്ഥര്‍ വീട്ടില്‍ വരുമ്പോള്‍ അത് തിരുത്തി നല്‍കാനുള്ള സൗകര്യവും പൊതുജനങ്ങള്‍ക്ക് ഉണ്ടായിരിക്കും. അന്തിമ പരിശോധനയ്ക്ക് ശേഷമേ ഈ വിവരങ്ങള്‍ ഡേറ്റബേസിലേക്ക് മാറ്റുകയുള്ളൂ.

date