പോസ്റ്റ് ഓഫീസ് ആര്‍.ഡി നിക്ഷേപം: പാസ്ബുക്ക് പരിശോധന നിര്‍ബന്ധം
പോസ്റ്റ് ഓഫീസ് ആര്‍.ഡി നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം മുന്‍നിര്‍ത്തി അക്കൗണ്ട് ഉടമകള്‍ ജാഗ്രത പാലിക്കണമെന്ന് തൃശ്ശൂര്‍ ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. നിക്ഷേപങ്ങള്‍ സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി പണം അടയ്ക്കുമ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
അംഗീകൃത ഏജന്റുമാര്‍ മുഖേനയോ അല്ലെങ്കില്‍ നിക്ഷേപകര്‍ക്ക് നേരിട്ടോ പോസ്റ്റ് ഓഫീസുകളില്‍ തുക നിക്ഷേപിക്കാം. ഏജന്റുമാരുടെ കൈവശം തുക ഏല്‍പ്പിക്കുമ്പോള്‍, നിക്ഷേപകര്‍ 'ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡില്‍' ഏജന്റിന്റെ കൈയൊപ്പ് ഉടന്‍ തന്നെ വാങ്ങി സൂക്ഷിക്കണം. നിക്ഷേപകന്‍ നല്‍കിയ തുക പോസ്റ്റ് ഓഫീസില്‍ കൃത്യമായി ഒടുക്കിയിട്ടുണ്ടെന്നതിന്റെ ആധികാരിക രേഖ പോസ്റ്റ് മാസ്റ്റര്‍ ഒപ്പിട്ട്, സീല്‍ വച്ച് നല്‍കുന്ന പാസ്ബുക്ക് മാത്രമാണ്. അതിനാല്‍ എല്ലാ മാസവും പുതിയ തുക നല്‍കുന്നതിന് മുമ്പ് അടച്ച തുകകള്‍ പാസ്ബുക്കില്‍ യഥാസമയം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നിക്ഷേപകര്‍ പരിശോധിച്ച് ബോധ്യപ്പെടേണ്ടതാണെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി.
- Log in to post comments