എലിപ്പനി ജാഗ്രത വേണം
മഴക്കാലമായതിനാൽ എലിപ്പനി പിടിപെടാൻ സാധ്യതയേറെയായതിനാൽ ജാഗ്രത പാലിക്കണം. ചെളിവെള്ളവുമായും മണ്ണുമായും നേരിട്ട് സമ്പർക്കത്തിൽ വരുന്നത് എലിപ്പനിക്ക് കാരണമാകാം. മണ്ണിലും ചെളിവെള്ളത്തിലും കാണുന്ന എലിപ്പനിയുടെ രോഗാണുക്കൾ മുറിവുകൾ, പോറലുകൾ, വിണ്ടുകീറിയ ചർമ്മം, വളംകടിയേറ്റ ഭാഗങ്ങൾ, ശരീരത്തിലെ മൃദുവായ ചർമ്മ ഭാഗങ്ങൾ തുടങ്ങിയവയിലൂടെ ശരീരത്തിൽ പ്രവേശിക്കാം. അതിനാൽ ചെളിയിലും വെള്ളക്കെട്ടിലുമിറങ്ങു മ്പോൾ നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാൻ വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കണം. കയ്യുറകൾ, വെള്ളം കയറാത്ത പാദരക്ഷകൾ, റെയിൻ ബൂട്ട്സ് എന്നിവ ഉപയോഗിക്കുക.
കൈകാലുകൾ സോപ്പിട്ട് വൃത്തിയായി കഴുകുക
കൈകാലുകളിലെ മുറിവ് മണ്ണും വെള്ളവും കടക്കാത്ത വിധം ബാൻഡേജ് ഉപയോഗിച്ച് മൂടി സൂക്ഷിക്കുക
തൊഴിൽപരമായി മണ്ണുമായും കെട്ടി നിൽക്കുന്ന വെള്ളവുമായും സമ്പർക്കത്തിൽ വരുന്ന ജോലി ചെയ്യുന്നവർ, കന്നുകാലി പരിചരണത്തിൽ ഏർപ്പെടുന്നവർ, കൃഷിപ്പണി ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, നിർമ്മാണ തൊഴിലാളികൾ, വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ കഴിയുന്നവർ തുടങ്ങിയവർ എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കണം
ചെളി വെള്ളത്തിൽ കളിക്കാൻ കുട്ടികളെ അനുവദിക്കരുത്. സ്‌കൂളിൽ നിന്ന് വന്ന ശേഷവും പുറത്തു പോയി വന്ന ശേഷവും കൈകാലുകൾ സോപ്പിട്ട് കഴുകി വൃത്തിയാക്കുക
കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ എലിപ്പനി മാരകമാകാൻ ഇടയുണ്ട്. മരണം വരെ സംഭവിച്ചേക്കാവുന്ന നിലയിൽ ഗുരുതരമാകാൻ ഇടയുണ്ട്.
കഠിനമായ ക്ഷീണം , കാലുകളിലെ പേശികളിൽ വേദന, തലവേദന, പനി, നടുവ് വേദന തുടങ്ങിയവ എലിപ്പനിയുടെ ലക്ഷണങ്ങൾ ആകാം .ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഏതെങ്കിലും ഉണ്ടായാൽ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിൽ എത്തി ചികിത്സ തേടുക. രോഗാണുക്കളാൽ മലിനമായ മണ്ണുമായും കെട്ടിനിൽക്കുന്ന വെള്ളവുമായും സമ്പർക്കത്തിൽ വരുന്ന ആർക്കും എലിപ്പനി പിടിപെടാം എന്നതിനാൽ അത്തരം സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറോട് പറയേണ്ടതാണ്. സ്വയം ചികിത്സ പാടില്ല. വേദനസംഹാരികൾ പോലെയുള്ള മരുന്നുകൾ ഒരു കാരണവശാലും ഡോക്ടറുടെ നിർദ്ദേശമില്ലാതെ നേരിട്ട് വാങ്ങി കഴിക്കരുത്.
- Log in to post comments