Skip to main content

ആരോഗ്യവകുപ്പിലെ ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ മന്ത്രി കെ. മുരളീധരന്റെ നിർദ്ദേശം

ആരോഗ്യവകുപ്പിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ അടിയന്തരമായി പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെ നിർദ്ദേശം.  ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആയുഷ് വകുപ്പ് എന്നിവയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ സംബന്ധിച്ച് അടിയന്തരമായി അവലോകനം നടത്തി നടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശം. ഒഴിവുകൾ കാലതാമസം കൂടാതെ റിപ്പോർട്ട് ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും കീഴ്സ്ഥാപനങ്ങൾക്കും  നിർദേശങ്ങൾ നൽകണം.  ഉടൻ കാലാവധി അവസാനിക്കാനിരിക്കുന്ന പി.എസ്.സി. റാങ്ക്‌ലിസ്റ്റുകളുമായി ബന്ധപ്പെട്ട ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് മുൻഗണന നൽകണമെന്നുമാണ്  ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകിയത്.

ആരോഗ്യവകുപ്പിന് കീഴിൽ നിരവധി ഒഴിവുകളുണ്ടായിട്ടും റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റാങ്ക്‌ഹോൾഡേഴ്‌സ് നൽകിയ നിവേദനത്തെ തുടർന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. യഥാസമയം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ നിയമനത്തിന് അർഹരായവർക്ക് അവസരം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടെന്ന ഉദ്യോഗാർത്ഥികളുടെ ആശങ്ക ഗൗരവകരമാണെന്ന് മന്ത്രി പറഞ്ഞു.

പി.എസ്.സി മുഖേന സുതാര്യവും സമയബന്ധിതവുമായ നിയമനം ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്തെ ആശുപത്രികൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആയുഷ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സേവനം ശക്തിപ്പെടുത്തേണ്ട സാഹചര്യം നിലനിൽക്കുന്നതിനാൽ  എല്ലാ ഒഴിവുകളും കണ്ടെത്തി അടിയന്തരമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണം. ഇതുവഴി റാങ്ക്‌ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് നിയമനാവസരം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പി.എൻ.എക്‌സ്. 2145/2026

date