മത്സ്യബന്ധന യാനങ്ങളുടെ വിവരശേഖരണം: ഒറ്റത്തവണ പരിശോധനക്ക് തുടക്കം
മത്സ്യബന്ധന യാനങ്ങളുടെ വിവരശേഖരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടത്തുന്ന ഒറ്റത്തവണ പരിശോധനക്ക് തുടക്കമായി. ജില്ലയിലെ തീരങ്ങളില്‍ നങ്കൂരമിട്ട ട്രോളര്‍ ബോട്ടുകളും താങ്ങുവള്ളങ്ങള്‍ ഉള്‍പ്പെടെയുളള യന്ത്രവത്കൃത യാനങ്ങളുമാണ് പ്രാഥമിക ഘട്ടത്തില്‍ പരിശോധിക്കുന്നത്. ജൂലൈ 31നകം മറ്റ് യാനങ്ങളുടെയും പരിശോധന പൂര്‍ത്തിയാക്കും. നിലവില്‍ ജില്ലയില്‍ 624 യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളും 2,623 ഔട്ട്‌ബോര്‍ഡ് മോട്ടോര്‍ യാനങ്ങളുമാണുള്ളത്.
ട്രോളിങ് നിരോധന കാലയളവില്‍ യാനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി വിവരങ്ങള്‍ പുതുക്കണമെന്ന ഫിഷറീസ് ഡയറക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ജില്ലയിലെ 31 ഫിഷറീസ് ഉദ്യോഗസ്ഥരാണ് ഏഴ് ബേസുകളിലായി വിവര ശേഖരണത്തില്‍ പങ്കെടുക്കുന്നത്. യാനങ്ങളുടെ രജിസ്‌ട്രേഷന്‍, കാലപരിധി, ലൈസന്‍സിങ് വിവരങ്ങള്‍, ആക്‌സസ് പാസ് തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശിച്ച കളര്‍കോഡ് പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കും. പരിശോധന പൂര്‍ത്തിയാക്കിയ യാനങ്ങളില്‍ പ്രത്യേക സ്റ്റിക്കര്‍ പതിക്കും.
പരിശോധനക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനീഷ്, ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി കെ മനോജ് എന്നിവര്‍ നേതൃത്വം നല്‍കും.
- Log in to post comments