ചിൽഡ്രൻസ് ഹോമിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ വിജയികളെ ജില്ലാ കളക്ടർ അനുമോദിച്ചു
തൃശ്ശൂർ രാമവർമ്മപുരത്തുള്ള എൻട്രി ഹോം ഫോർ ഗേൾസ്, പ്രത്യാശ ഭവൻ, ചിൽഡ്രൻസ് ഹോം ഫോർ ബോയ്സ്, മോഡൽ ഹോം ഫോർ ഗേൾസ് എന്നിവിടങ്ങളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ വിജയികളെ അനുമോദിച്ചു. കളക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വിജയങ്ങളും അതിനോടൊപ്പം ലഭിക്കുന്ന അംഗീകാരങ്ങളും ജീവിതത്തിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പ്രചോദനമാകട്ടെയെന്ന് കളക്ടർ ആശംസിച്ചു. കുട്ടികളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നേരത്തെ തന്നെ ചോദിച്ചറിഞ്ഞ ശേഷമാണ് സമ്മാനങ്ങൾ നൽകിയത്.
കേരള വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ സഹകരണത്തോടെയാണ് കുട്ടികൾക്കായുള്ള സമ്മാനങ്ങൾ ഒരുക്കിയത്. കേരള വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൽ ഹമീദ്, ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ വിനോദ് കുമാർ, ജില്ലാ സെക്രട്ടറി സിജോ ചിറകേക്കാരൻ, ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments