Skip to main content

നൈപുണ്യ വികസന കോഴ്സുകൾ; പരിശീലന സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു

2026-27 സാമ്പത്തിക വർഷത്തിൽ പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന നൈപുണ്യ വികസന പരിശീലന പദ്ധതിയുടെ ഭാഗമായി രണ്ട് റസിഡൻഷ്യൽ തൊഴിൽ പരിശീലന കോഴ്സുകൾ നടത്തുന്നതിനായി അംഗീകൃത നൈപുണ്യ വികസന പരിശീലന സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. 'ആംഡ് ഫോഴ്‌സസ് പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിങ് (മെൻ ലെവൽ)' കോഴ്സിന് 10 മാസമാണ് ദൈർഘ്യം. 30 വിദ്യാർഥികൾക്ക് പരിശീലനം നൽകും. കൂടാതെ, 'എയർലൈൻ എയർപോർട്ട് ഓപ്പറേഷൻ ഫണ്ടമെന്റൽസ്' കോഴ്സിന് 12 മാസമാണ് ദൈർഘ്യം. 20 വിദ്യാർഥികൾക്ക് പരിശീലനം നൽകും. ഈ കോഴ്സിന്റെ അസസ്മെന്റും സർട്ടിഫിക്കേഷനും ഇന്റർനാഷണൽ എയർ ട്രാവൽ അസോസിയേഷൻ (IATA) മുഖേന ആയിരിക്കണം.

പ്രൊപ്പോസൽ സമർപ്പിക്കുന്ന സ്ഥാപനങ്ങൾ സ്ഥാപനത്തിന്റെ വിശദവിവരങ്ങൾ, നടത്തിവരുന്ന കോഴ്സുകളുടെ വിവരങ്ങൾ, പരിശീലകരുടെ യോഗ്യത, സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ മുമ്പ് നടത്തിയ നൈപുണ്യ പരിശീലനങ്ങളുടെ വിശദാംശങ്ങൾ, അഡ്മിഷൻ ലഭിച്ചതും പ്ലേസ്മെന്റ് ലഭിച്ചതുമായ വിദ്യാർഥികളുടെ വിവരങ്ങൾ, തിയറി, പ്രാക്ടിക്കൽ ക്ലാസുകളുടെ മണിക്കൂർ വിവരങ്ങൾ, ഹോസ്റ്റൽ സൗകര്യങ്ങളുടെ വിശദാംശങ്ങൾ, ധനകാര്യ വിശകലനം, ഫീസ് ഘടന, സ്‌റ്റൈപ്പൻഡ്, യൂണിഫോം ചെലവുകൾ, പ്രവൃത്തിപരിചയം, ഓഡിറ്റ് റിപ്പോർട്ടുകൾ എന്നിവ സമർപ്പിക്കണം.

എയർലൈൻ എയർപോർട്ട് ഓപ്പറേഷൻ ഫണ്ടമെന്റൽസ് കോഴ്സിനായി പ്ലേസ്മെന്റ് നൽകാൻ ലക്ഷ്യമിടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങളും അനുബന്ധ രേഖകളും ഹാജരാക്കണം. ഐഎടിഎ നിർദേശിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപനത്തിൽ ഉണ്ടായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ദൈർഘ്യമനുസരിച്ച് കുറഞ്ഞത് 15,000 മുതൽ 25,000 രൂപ മാസശമ്പളമുള്ള തൊഴിൽ ലഭ്യമാക്കണമെന്നും വ്യവസ്ഥയുണ്ട്.

പ്രൊപ്പോസൽ സമർപ്പിക്കുന്ന സ്ഥാപനങ്ങൾ സർക്കാർ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെന്നും യാതൊരു പോലീസ് അല്ലെങ്കിൽ വിജിലൻസ് അന്വേഷണവും നേരിടുന്നില്ലെന്നും സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലവും നൽകണം. ട്രെയിനിങ് കോഴ്സിനുള്ള പ്രൊപ്പോസലുകൾ 2026 ജൂലൈ 8 വൈകിട്ട് 5 മണിക്കകം ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2303229, ടോൾ ഫ്രീ നമ്പർ 1800 425 2312.

പി.എൻ.എക്‌സ്. 2182/2026

date