Skip to main content

ഖത്തറിൽ മാപ്പ് ലഭിച്ച കോഴിക്കോട് സ്വദേശിയുടെ മോചനം: വിദേശകാര്യ മന്ത്രിയുടെ ഇടപെടൽ തേടി മുഖ്യമന്ത്രി

ഖത്തറിൽ മാപ്പ് ലഭിച്ചിട്ടും നടപടിക്രമങ്ങളിലെ തടസങ്ങൾ കാരണം മോചനം ലഭിക്കാതെ തുടരുന്ന കോഴിക്കോട് സ്വദേശി കുപ്പറയിൽ ബാബു സെയ്നുദ്ദീന്റെ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചു.

ഫറോക്ക് സ്വദേശിയായ ബാബു സെയ്നുദ്ദീന് 2025 ഡിസംബർ 18-ന് ഖത്തറിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് അമീരി മാപ്പ് ലഭിച്ചിരുന്നു. എന്നാൽനിർദേശിച്ച നഷ്ടപരിഹാര തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വ്യക്തതക്കുറവും സാങ്കേതിക തടസങ്ങളും കാരണം മാപ്പ് നടപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നതായാണ് പരാതി. തുക അടയ്ക്കുന്നതിന് കുടുംബാംഗങ്ങൾ ശ്രമങ്ങൾ നടത്തിയെങ്കിലും വ്യക്തതയില്ലായ്മ മൂലം നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

പ്രായാധിക്യവും വിവിധ ആരോഗ്യപ്രശ്നങ്ങളും നേരിടുന്ന ബാബു സെയ്നുദ്ദീന് ചികിത്സ ആവശ്യമായ സാഹചര്യമാണ് നിലവിലുള്ളത്. മാനുഷിക പരിഗണന മുൻനിർത്തി കേന്ദ്ര സർക്കാർ ഖത്തറുമായി ബന്ധപ്പെട്ട് മാപ്പിന്റെ ആനുകൂല്യം കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിയോട് അഭ്യർഥിച്ചു.

പി.എൻ.എക്‌സ്. 2210/2026

date