എഫ് സി ആർ എ ചട്ടം ഭേദഗതി അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ
കേന്ദ്ര സർക്കാർ ഏകപക്ഷീയമായി എഫ് സി ആർ എ ചട്ടം ഭേദഗതി ചെയ്തത് പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ അഭിപ്രായപ്പെട്ടു. ചട്ട ഭേദഗതിയോടെ രാജ്യത്ത് സന്നദ്ധസംഘടനകൾക്ക് പ്രവർത്തിക്കാനാകാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സംഘ്പരിവാർ സംഘടനകൾ രാജ്യവ്യാപകമായി നടത്തുന്ന ന്യൂനപക്ഷ വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമാണോ എഫ് സി ആർ എ ചട്ടഭേദഗതിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉത്തരേന്ത്യയിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും ആദിവാസി മേഖലകളിൽ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകളെ ഇല്ലാതാക്കുന്നതാണ് ചട്ടം ഭേദഗതി. സംഘ്പരിവാർ സംഘടനകളുടെ ആവശ്യപ്രകാരം ഭരണകൂടത്തിന് രാജ്യത്തെ ഏത് സംഘടനകളുടെയും പ്രവർത്തനം നിരോധിക്കാനാകും.
ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള ചട്ടഭേദഗതിയിൽ നിന്നും അടിയന്തരമായി പിൻമാറാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും വിഷയത്തിൽ ബി ജെ പി സംസ്ഥാന നേതൃത്വവും കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരും അഭിപ്രായം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പി.എൻ.എക്‌സ്. 2211/2026
- Log in to post comments