Skip to main content

മന്ത്രി കെ. മുരളീധരൻ ശാസ്‌തമംഗലത്ത് ക്യാമ്പ് ഓഫീസ് തുറന്നു

ജനങ്ങളെ കേൾക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ക്യാമ്പ് ഓഫീസ് ആരംഭിച്ചു. മന്ത്രിയുടെ അധ്യാപകൻ  കൂടിയായ പ്രശസ്ത സാഹിത്യകാരൻ ഡോ.ജോർ‍ജ്ജ് ഓണക്കൂർ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു. ശാസ്തമംഗലം - പൈപ്പിൻമൂട് റോഡിൽ  പേരൂർക്കട സഹകരണ ബാങ്കിന് എതിർവശത്താണ് ഓഫീസ് പ്രവർത്തിക്കുന്നത്.

മണ്ഡലത്തിലുള്ളവർക്ക് വിവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിലേക്ക് എത്തുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ശാസ്തമംഗലത്ത് ഓഫീസ് തുറന്നതെന്ന് മന്ത്രി പറഞ്ഞു. ലഭിക്കുന്ന അപേക്ഷകളെല്ലാം ക്യാമ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ ബന്ധപ്പെട്ട മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും കൈമാറും. സമയബന്ധതമായി അപേക്ഷകളിൽ നടപടി സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മണ്ഡലവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല യോഗങ്ങളും ഇവിടെ നടക്കും.

പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 6.30 വരെയയായിരിക്കും ഓഫീസിന്റെ പ്രവർത്തനം. ദിവസവും ഉച്ചക്ക് ഒന്നു മുതൽ രണ്ട് മണിവരെ മന്ത്രി ക്യാമ്പ് ഓഫീസിലുണ്ടാകും. നിയമസഭയും മറ്റ് പ്രധാന പരിപാടികളുമുണ്ടാകുന്ന സാഹചര്യത്തിലും തിരുവനന്തപുരത്തിന് പുറത്തേക്ക് മന്ത്രി പോകുന്ന സാഹചര്യങ്ങളിലും ഈ സമയക്രമത്തിൽ മാറ്റമുണ്ടാകും.

date