വികാസ് വിഷന്‍ രാജ്യത്തിന് മാതൃക: പ്രിയങ്കഗാന്ധി എം.പി
നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വികാസ് വിഷന്‍ 2040 പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് പ്രിയങ്കഗാന്ധി എം.പി. ഓരോ പഞ്ചായത്തുകളിലും മാതൃകാ സ്‌കൂളുകള്‍ ഒരുക്കി കുട്ടികളുടെ പഠനത്തിനും കഴിവുകള്‍ വികസിപ്പിക്കാനും പ്രാധാന്യം നല്‍കുന്നത് മാതൃകാപരമാണ്. ആദിവാസി ഗോത്ര വിഭാഗത്തിലെ കുട്ടികളുടെ പഠനത്തിനു നല്‍കുന്ന പിന്തുണ അഭിനന്ദനാര്‍ഹമാണെന്നും വ്യക്തമാക്കി. വികാസ് വിഷന്റെ നേതൃത്വത്തില്‍ നിയോജകമണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച ഗോത്ര വിഭാഗം വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന കനല്‍വെളിച്ചം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രിയങ്കഗാന്ധി.
വിജയത്തില്‍ കുട്ടികള്‍ക്ക് അഭിമാനബോധം ഉണ്ടാകണമെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു. രണ്ട് മക്കളുടെ അമ്മയായ തനിക്ക് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകളും വിജയവും എത്ര കഠിനകരമാണെന്നറിയാം. അതിനായി അമ്മമാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും അറിയാം. മാഞ്ചീരി ഉള്‍വനത്തില്‍ ചോലനായ്ക്കരെ കാണാനായി ഏറെ പ്രയാസപ്പെട്ടാണ് പോയത്. എത്ര ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ഇവര്‍ സ്‌കൂളുകളില്‍ പോയി പഠിച്ച് വിജയിച്ചത് എന്നത് മനസിലാക്കണം. ഈ വിജയത്തെ ചെറുതായി കാണരുത്. പഠത്തിനും തൊഴിലിനുമായി പുതിയ സ്ഥലങ്ങളിലേക്ക് പോകുമ്പോഴും വേരുകള്‍ മറക്കരുതെന്നും പ്രിയങ്ക പറഞ്ഞു. മനുഷ്യകുലത്തിന് അടിസ്ഥാനമായ സംസ്‌ക്കാരങ്ങളും മൂല്യങ്ങളുമാണ് നിങ്ങളുടേത്. പ്രകൃതിയെയും മൃഗങ്ങളെയും സംരക്ഷിക്കുകയും സ്ത്രീയെയും പുരുഷനെയും തുല്യരായി കാണുകയും ചെയ്യുന്ന സംസ്‌ക്കാരം സംരക്ഷിക്കണം. സംസ്ഥാന ബജറ്റില്‍ വയനാടിനായി പ്രഖ്യാപിച്ച ട്രൈബല്‍ സര്‍വ്വകലാശാല ഏറെ പ്രതീക്ഷ പകരുന്നതാണെന്നും പ്രിയങ്കഗാന്ധി പറഞ്ഞു. കുട്ടികള്‍ക്ക് പഠനോപകരണങ്ങളും പ്രിയങ്കഗാന്ധി വിതരണം ചെയ്തു. ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ ആധ്യക്ഷം വഹിച്ചു. ആദിവാസി വിഭാഗത്തിലെ കുട്ടികളെ ആദരിച്ച് തിരിച്ചയക്കലല്ല മുന്നോട്ടുള്ള പഠനത്തിലും പിന്തുണയുമായി ഒപ്പമുണ്ടാകുമെന്നും ഷൗക്കത്ത് പറഞ്ഞു. റവന്യൂ മന്ത്രി എ.പി അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. പി.വി അബ്ദുല്‍വഹാബ് എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി മാമ്പ്ര, ജില്ലാ പഞ്ചായത്തംഗങ്ങളായ എന്‍.എ കരീം, അഡ്വ. ജോസ്മി പി തോമസ്, റഹിയാനത്ത് കൂര്‍മാടന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, വി.എ കരീം, സി.എച്ച് ഇഖ്ബാല്‍, എ.ഗോപിനാഥ്, പാലോളി മെഹബൂബ്, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ എസ്.എസ് സുധീര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി രാജേഷ്, കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സുരേഷ്‌കുമാര്‍, വികാസ് വിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ.ബാബു വര്‍ഗീസ്, കീസ്‌റ്റോണ്‍ ഫൗണ്ടേഷന്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍ രാമചന്ദ്രന്‍ പ്രസംഗിച്ചു. മലപ്പുറം ജില്ലാ പോലീസ് ചീഫ് ചൈത്ര തെരേസ ജോണ്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
- Log in to post comments