കുട്ടി എഴുത്തുകാർക്കായി ‘കൗമാര ഭാവനകളുടെ അക്ഷരോത്സവം’ സാഹിത്യ ക്യാമ്പ് സെപ്റ്റംബറിൽ തൃശൂരിൽ നടക്കും*
*
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എഴുപത്തിയഞ്ച് ഇന പരിപാടികളിൽ ഉൾപ്പെടുത്തി, കുട്ടി എഴുത്തുകാർക്കായി "കൗമാര ഭാവനകളുടെ അക്ഷരോത്സവം" (ലിറ്റിൽ റൈറ്റേഴ്സ് മീറ്റ്) സംസ്ഥാനതല സാഹിത്യ ക്യാമ്പ് സെപ്റ്റംബറിൽ തൃശൂരിൽ നടത്തും. തൃശ്ശൂർ ജില്ലാ ശിശുക്ഷേമ സമിതിയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. ക്യാമ്പ് നടക്കുന്ന സ്ഥലവും കൃത്യമായ തീയതിയും ഉടൻ തന്നെ പ്രഖ്യാപിക്കും.
യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻ്ററി വിഭാഗങ്ങളിൽ പഠിക്കുന്ന കുട്ടികൾ സ്വന്തമായി എഴുതി അച്ചടിച്ച് വന്നിട്ടുള്ള മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ എൻട്രികൾ ക്ഷണിക്കും. ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെയായിരിക്കും സംസ്ഥാനതല ക്യാമ്പിൽ പങ്കെടുപ്പിക്കുക. മലയാളത്തിലെ പ്രമുഖ സാഹിത്യ നായകൻമാർ കുട്ടികളുമായി സംവദിക്കാൻ ക്യാമ്പിലെത്തും.
തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എം. സന്ദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പി.കെ. വിജയൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.കെ. ഉണ്ണികൃഷ്ണൻ വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി എക്സിക്യൂട്ടിവ് അംഗം എം.കെ. പശുപതി, ചൈൾഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി.യു സ്‌മിത, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻ്റ് ഡോ. പി. ഭാനുമതി, ജോയിൻ്റ് സെക്രട്ടറി സാജൻ ഇഗ്‌നേഷ്യസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ, കെ.എൽ ഷൈജു, ടി.എ അംബിക, കെ.ആർ മിനി, എം.എസ്. സിജിൻ, വി.വി. സുധാകരൻ, കെ. പ്രദീപ്, എം.എം. ഷൗക്കത്തലി, എന്നിവർ ചടങ്ങിൽ സംസാരിച്ചു.
- Log in to post comments