Skip to main content

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും: ജില്ലാ വികസന സമിതി

 

സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ വികസന സമിതി. വരും മൂന്ന് മാസങ്ങളില്‍ പ്രത്യേകജാഗ്രതയും ബോധവത്കരണവും ആവശ്യമാണ്. തുടര്‍പ്രവര്‍ത്തനങ്ങളും ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചു. ലോകകപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളില്‍ ലഹരിഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന ആവിഷ്‌കാരങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ കര്‍ശനമാക്കുമെന്നും അറിയിച്ചു.

പാറ - പൊള്ളാച്ചി റോഡ് ഇരട്ടക്കുളം മുതല്‍ ഗോപാലപുരം വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണി നടത്തി കുഴികളും മറ്റും അടച്ച് റോഡ് അപകടരഹിതമാക്കണമെന്ന് സുമേഷ് അച്യുതന്‍ എം.എല്‍.എ പറഞ്ഞു. ഭൂമി തരംമാറ്റ അപേക്ഷകളില്‍ തീര്‍പ്പ് വേഗത്തിലാക്കാനും പട്ടയം നല്‍കിയ ഭൂമിയിലേക്ക് എത്തുന്നതിന് വഴിയില്ലെന്ന പരാതിയില്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുണ്ടൂര്‍-തൂത റോഡ് നവീകരണത്തിന്റെ ഭാഗമായി അപകടങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും മുന്നറിയിപ്പ് ബോര്‍ഡുകള്‍, സിഗ്നലുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്നും പി മമ്മിക്കുട്ടി എം.എല്‍.എ ആവശ്യപ്പെട്ടു.

പട്ടാമ്പിയിലെ പൊതുശ്മശാനം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ. ഭാരതപുഴയില്‍ മാലിന്യംതള്ളല്‍ വ്യാപകമാണെന്നും കര്‍ശനനടപടി സ്വീകരിക്കണമെന്നും പട്ടാമ്പി പൊലീസ് സ്റ്റേഷന് സമീപത്തെ ബസ് സ്റ്റാന്‍ഡ് നിര്‍മാണം, ടൗണിലെ ഡ്രെയിനേജ് പ്രവൃത്തി എന്നിവ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലത്തൂര്‍ മണ്ഡലത്തിലെ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെട്ട സ്‌കൂളുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തിനകം തന്നെ പൂര്‍ത്തിയാക്കി കൈമാറണമെന്ന് ടി.എം ശശി എം.എല്‍.എ യോഗത്തില്‍ ആവശ്യം ഉന്നയിച്ചു.

പുതുപ്പരിയാരം, മുണ്ടൂര്‍ എന്നിവിടങ്ങളിലെ വാട്ടര്‍ ടാങ്ക് നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും പൊതുജനങ്ങള്‍ക്ക് വെള്ളം ലഭ്യമാവാത്ത വിഷയത്തില്‍ അടിയന്തര ഇടപെടല്‍ എ പ്രഭാകരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കൊടുമ്പ് പാളയംപാലം, അകത്തേത്തറ മേല്‍പ്പാലം നിര്‍മാണപുരോഗതി, കെയര്‍ ഹോം പദ്ധതി സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും നിര്‍ദേശിച്ചു. കിഫ്ബി പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച കടമ്പൂര്‍ ഗവ. എച്ച്.എസ്.എസ്, വെള്ളിനേഴി എച്ച്.എസ്.എസ് സ്‌കൂളുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടും ക്ലാസ് തുടങ്ങാന്‍ സാധിക്കാത്ത വിഷയത്തില്‍ ജൂലൈ 15നകം പരിഹാര നടപടികള്‍ ഉണ്ടാകണമെന്ന് കെ. പ്രേംകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ സുധീര്‍ അധ്യക്ഷനായി. അസിസ്റ്റന്റ് പ്ലാനിങ് ഓഫീസര്‍ എം ദ്വര, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date