Skip to main content

ആനയിറങ്കല്‍ ജലാശയത്തിലെ ബോട്ടിംഗ്: വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ആനയിറങ്കല്‍ ജലാശയത്തില്‍ ഹൈഡല്‍ ടൂറിസം വകുപ്പ് നടപ്പാക്കുന്ന ബോട്ടിംഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് വനം വകുപ്പ് വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കും. അരിക്കൊമ്പന്‍ ആനയുടെ ശല്യത്തെ തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയതിനെ തുടര്‍ന്നാണ് ബോട്ടിംഗ് നിര്‍ത്തിയത്. ഈ മേഖലയില്‍ ആനകളുടെ സഞ്ചാരം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് യോഗം വനം വകുപ്പിന് നിര്‍ദേശം നല്‍കിയത്.

108 ആംബുലന്‍സ് സര്‍വീസുകളുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കുന്നത് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിയില്‍ തീരുമാനിക്കും. മറയൂര്‍ വില്ലേജില്‍ പെണ്‍കുട്ടികള്‍ക്കായുള്ള പ്രീ മെട്രിക് ഹോസ്റ്റല്‍ ആരംഭിക്കുന്നതിന് സ്ഥലം കൈമാറുന്നത് സംബന്ധിച്ച് ദേവികുളം തഹസില്‍ദാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദേവികുളം പഞ്ചായത്തിലെ 809 വീടുകളിലും ചിന്നക്കനാല്‍ പഞ്ചായത്തിലെ 3357 വീടുകളിലും കുടിവെളള കണക്ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കും.

സ്ഥലം ലഭ്യമല്ലാത്ത വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 61 അങ്കണവാടികള്‍ക്ക് സ്ഥലം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. സ്ഥലം ലഭ്യമായ മൂന്ന് അങ്കണവാടികളുടെ നിര്‍മ്മാണത്തിന് പദ്ധതി നിര്‍ദേശം സമര്‍പ്പിക്കും. എസ്റ്റേറ്റ് മേഖലയില്‍ എന്‍ഒസി ലഭിച്ചിട്ടും നിര്‍മ്മാണം ആരംഭിക്കാത്ത അങ്കണവാടാകളുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് ഉടമകളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കും.

മൂലമറ്റം-ഉളുപ്പുണി റോഡിന് വനഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലത്തിന്റെ ഉടമസ്ഥതാവകാശം സംബന്ധിച്ച് വ്യക്തത വരുത്തും. ഇതിനായി പീരുമേട് തഹസില്‍ദാര്‍, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥലപരിശോധന നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ചെമ്മണ്ണാര്‍ ഗ്യാപ് റോഡിന്റെ സംരക്ഷണ ഭിത്തി പുനസ്ഥാപിക്കുന്നതിന് ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ പദ്ധതി നിര്‍ദേശം സമര്‍പ്പിക്കും.

മൂന്നാറിലെ ന്യൂനഗറിലെ ലേബര്‍ കോംപ്ലക്‌സ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കും. റോഡിന്റെ വശങ്ങളിലേക്ക് പടര്‍ന്നു കിടക്കുന്ന കാടുകള്‍ വെട്ടാന്‍ അടിയന്തിര നടപടി സ്വീകരിക്കും. നിയമവിരുദ്ധമായി പാറ പൊട്ടിക്കുന്നത് തടയാന്‍ നടപടിയെടുക്കും.

ജനവാസ മേഖല, കൃഷിയിടങ്ങള്‍ എന്നിവയെ പരിസ്ഥിതി ലോല പ്രദേശത്തിന്റെ പട്ടികയില്‍ നിന്ന് ഒഴിവാക്കണെന്ന് ഡീന്‍ കുര്യാക്കോസ് എംപി സന്ദേശത്തിലൂടെ യോഗത്തില്‍ അറിയിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിലെ അസൗകര്യങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. ജ്യോതിമോള്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രം: കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംഎല്‍എമാരായ റോയ് കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടി്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. ജ്യോതിമോള്‍ എന്നിവര്‍.  
 

date