*ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ: ജില്ലയിൽ 1.75 ലക്ഷത്തിലധികം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും; സജ്ജീകരണം പൂർത്തിയായി*
ജില്ലയിൽ 1.75 ലക്ഷത്തിലധികം കുട്ടികൾക്ക് ഇന്ന് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ തുള്ളിമരുന്ന് നൽകും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ പത്തിന് മാള കെ. കരുണാകരൻ സ്‌മാരക ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ യുവജന ക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രിഒ. ജെ. ജനീഷ് നിർവ്വഹിക്കും. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ് അദ്ധ്യക്ഷത വഹിക്കും.
അഞ്ച് വയസ്സിൽ താഴെയുള്ള 1,73,897 കുട്ടികൾക്കും അതിഥി തൊഴിലാളികളുടെ 1,926 കുട്ടികൾക്കും തുള്ളിമരുന്ന് നൽകുന്നതിനായി ജില്ലയിലുടനീളം 1,877 പോളിയോ ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
അങ്കണവാടികൾ, സ്‌കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി കുട്ടികൾ ഒത്തുകൂടാൻ സാധ്യതയുള്ള എല്ലാ പ്രധാന കേന്ദ്രങ്ങളിലും പ്രത്യേക ബൂത്തുകൾ പ്രവർത്തിക്കും. രാവിലെ എട്ട് മുതൽ ബൂത്തുകളിൽ തുള്ളിമരുന്ന് ലഭ്യമാകും. ഞായറാഴ്ച ഏതെങ്കിലും കാരണവശാൽ വാക്സിൻ ലഭിക്കാത്ത കുട്ടികളുണ്ടെങ്കിൽ, അടുത്ത ദിവസങ്ങളിൽ വൊളണ്ടിയർമാർ വീടുകളിലെത്തി മരുന്ന് നൽകാനുള്ള സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.
പനി, ഛർദി, വയറിളക്കം, കഠിനമായ പേശീവേദന എന്നിവയാണ് പോളിയോ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. രോഗബാധ ഗുരുതരമായാൽ കൈകാലുകൾ തളർന്നുപോകാൻ സാധ്യതയുണ്ട്.
ഇന്ത്യയിൽ അവസാനമായി പോളിയോ കേസ് റിപ്പോർട്ട് ചെയ്തത് 2011 ജനുവരി 13 ന് പശ്ചിമ ബംഗാളിലാണ്. തുടർന്ന്, രാജ്യം പോളിയോ മുക്തമായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും, അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഇപ്പോഴും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ രോഗം വീണ്ടും പടരാതിരിക്കാനുള്ള ശക്തമായ മുൻകരുതലിന്റെ ഭാഗമായാണ് രാജ്യത്ത് വാക്സിനേഷൻ യജ്ഞം തുടരുന്നത്. അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും തുള്ളിമരുന്ന് നൽകി രക്ഷിതാക്കൾ പ്രതിരോധ യജ്ഞവുമായി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടു.
- Log in to post comments