Skip to main content

കാട്ടിക്കരക്കുന്ന് കുടിവെള്ള പദ്ധതി നിർമ്മാണോദ്ഘാടനം മന്ത്രി അഡ്വ. ഒ.ജെ. ജെനിഷ് നിർവഹിച്ചു; 

 

 

350 കുടുംബങ്ങൾക്ക് ആശ്വാസമാകും

 

 കുടിവെള്ളക്ഷാമം നേരിടുന്ന മാള ഗ്രാമപഞ്ചായത്തിലെ കാട്ടിക്കരക്കുന്ന് പ്രദേശവാസികൾക്കായി തൃശൂർ ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്ത കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കായിക യുവജനക്ഷേമ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജെനിഷ് നിർവഹിച്ചു.

 

 നിയോജകമണ്ഡലം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കുടിവെള്ളക്ഷാമമാണെന്നും ചുറ്റും വെള്ളമുണ്ടെങ്കിലും കുടിക്കാൻ വെള്ളമില്ലാത്ത അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനാണ് ജനപ്രതിനിധി എന്ന നിലയിൽ പ്രഥമ പരിഗണന നൽകുന്നതെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി സമഗ്രമായ പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ് അധ്യക്ഷത വഹിച്ചു.ജല അതോറിറ്റി മാള അസി. എക്സിക്യൂട്ടിവ് എഞ്ചിനീയർ കെ.വി. ബാബു പദ്ധതി വിശദീകരണം നടത്തി.

 

 

 

തൃശൂർ ജില്ലാ പഞ്ചായത്തിന്റെ 2025-26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 54.31 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം. കേരള വാട്ടർ അതോറിറ്റി ഇരിഞ്ഞാലക്കുട ഡിവിഷന്റെ സാങ്കേതിക അനുമതിയോടെ വാട്ടർ അതോറിറ്റി തന്നെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒൻപത് മാസത്തിനകം പണി പൂർത്തിയാക്കി തുടർനടത്തിപ്പിനായി പദ്ധതി ഗുണഭോക്തൃ സമിതിക്ക് കൈമാറുകയാണ് ലക്ഷ്യം.

 

പഴയ 20,000 ലിറ്റർ ജലസംഭരണി (ടാങ്ക്) പൊളിച്ചുമാറ്റി പുതിയത് നിർമിക്കുക, കിണറും പമ്പ് ഹൗസും നവീകരിക്കുക, രണ്ട് പുതിയ മോട്ടോറുകൾ സ്ഥാപിക്കുക, പുതിയ വൈദ്യുതി കണക്ഷൻ എടുക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ഭാഗങ്ങൾ. ശുദ്ധമായ വെള്ളം ഉറപ്പാക്കാൻ പ്രഷർ ഫിൽറ്ററും ക്ലോറിനേഷൻ സംവിധാനവും ഒരുക്കും. തുടർപദ്ധതികൾ കൂടി പൂർത്തിയാകുന്നതോടെ മാള പഞ്ചായത്തിലെ ഒന്ന്, 21 വാർഡുകളിലെ 350-ഓളം നേരിടുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും.

 

  മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം കാവ്യ രഞ്ജിത്ത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ബെന്നി വെമ്പിൽ, ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ ജോഷി കാഞ്ഞൂത്തറ, ടി.കെ. ജിനേഷ്, 

മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.

date