പുനരുപയോഗ സന്ദേശവുമായി ശുചിത്വ മിഷന്റെ 'ഹരിതവിദ്യാലയം' കാമ്പയിന്
പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ സ്കൂളുകളില്‍ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കീഴ്വായ്പ്പൂര് വിഎച്ച്എസ്എസില്‍ 'ഹരിതവിദ്യാലയം' കാമ്പയിന് സംഘടിപ്പിച്ചു. കാമ്പയിന്റെ ഭാഗമായി സ്കൂളില്‍ റിപ്പയറിംഗ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഉപയോഗശൂന്യമെന്ന് കരുതി സാധനങ്ങള്‍ എളുപ്പത്തില്‍ വലിച്ചെറിയുന്ന ശീലം കുട്ടികളില്‍ നിന്ന് മാറ്റിയെടുക്കുകയും പുനരുപയോഗ സംസ്കാരം വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ശുചിത്വ മിഷന് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (ഐഇസി) ജി പ്രദീപ് പദ്ധതി വിശദീകരിച്ചു. ശുചിത്വ മിഷന് റിസോഴ്സ് പേഴ്സണ്‍ അശ്വതി വിജയന് ശുചിത്വ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. പ്രാദേശികമായി കുട, ബാഗ്, ചെരുപ്പ് തുടങ്ങിയവ നന്നാക്കുന്ന തൊഴിലാളികളെ സ്കൂളിലെത്തിച്ചാണ് റിപ്പയറിംഗ് ഫെസ്റ്റ് സംഘടിപ്പിച്ചത്. കേടുപാടുകള്‍ സംഭവിച്ച കുടകളും ബാഗുകളും അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കുന്നത് നേരില്‍ കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിച്ചു.
തങ്ങള്‍ക്ക് ഇനി ആവശ്യമില്ലാത്തതും എന്നാല്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദവുമായ നല്ല നിലവാരത്തിലുള്ള പുസ്തകങ്ങള്‍, കുടകള്‍, ജിയോമെട്രി ബോക്സുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ വിദ്യാര്‍ഥികള്‍ സ്കൂളില്‍ കൊണ്ടുവന്നു സ്വാപ്പ് ഷോപ്പിലൂടെ മറ്റുള്ളവര്‍ക്ക് കൈമാറി പകരമായി മറ്റൊരു സാധനം സൗജന്യമായി സ്വന്തമാക്കി. ഇതുവഴി 'പുനരുപയോഗം' എന്ന ആശയം പ്രായോഗികമായി നടപ്പാക്കി.
പുനരുപയോഗിച്ച സാധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഇത്തരം പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ തൊഴില്‍ മഹത്വം കുട്ടികളിലേക്കും സമൂഹത്തിലേക്കും എത്തിക്കാനും പരിപാടിയിലൂടെ സാധിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ് രജനി, ഹെഡ്മിസ്ട്രസ് എം എസ് പ്രസന്ന, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ പി ഷാനില്‍, എന്റര്‍പ്രണര്‍ഷിപ്പ് കോ-ഓര്‍ഡിനേറ്റര്‍ ഡോളി അശോകന് എന്നിവര്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക്: 98951 22952, 70257 84990.
ചിത്രം:
ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കീഴ്വായ്പ്പൂര് വിഎച്ച്എസ്എസില്‍ സംഘടിപ്പിച്ച 'ഹരിതവിദ്യാലയം' കാമ്പയിനില്‍ നിന്ന്
- Log in to post comments