Skip to main content

ഡിജിറ്റൽ സെൻസസ് 2027- ബോധവത്കരണ ക്ലാസുകളുമായി  വിദ്യാർത്ഥികൾ

ക്ലാസ് മുറിയിലെ പരീക്ഷകളും പ്രൊജക്റ്റുകളും താത്കാലികമായി മാറ്റിവെച്ച്, രാജ്യത്തിന്റെ ഡിജിറ്റൽ സെൻസസിന് ജനങ്ങളെ സജ്ജരാക്കാൻ ഇറങ്ങിയിരിക്കുകയാണ് തൃശ്ശൂരിലെ ഒരു കൂട്ടം കലാലയ വിദ്യാർത്ഥികൾ. 2027 ലെ ദേശീയ സെൻസസിന്റെ ഭാഗമായി, ധാരണക്കാർക്ക് ഏറെ അപരിചിതമായ സെൽഫ് എന്യുമറേഷൻ രീതികളെക്കുറിച്ച് പൊതുജനങ്ങളിലേക്ക് അറിവെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചെറുപ്പക്കാർ രംഗത്തിറങ്ങിയത്. ക്ലാസ് മുറിയിലെ പരീക്ഷകളും പ്രൊജക്റ്റുകളും താത്കാലികമായി മാറ്റിവച്ച്, വിവിധ മാസ്റ്റർ ട്രെയിനർമാരുടെ കീഴിൽ കൃത്യമായ പരിശീലനം നേടിയ വിദ്യാർത്ഥികളാണ് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്ന ഈ പ്രക്രിയയിൽ പങ്കാളികളായത്.

കുട്ടനെല്ലൂർ ശ്രീ അച്യുതമേനോൻ ഗവ. കോളേജിലെ അധ്യാപികയും സെൻസസ് മാസ്റ്റർ ട്രെയിനറുമായ ഡോ. ടി. എൽ. സോണിയുടെ മാർഗ്ഗനിർദ്ദേശത്തിൽ കോളേജിലെ വിദ്യാർത്ഥികളാണ് ഈ ക്യാമ്പെയിന് നേതൃത്വം നൽകിയത്. ഇവർക്കൊപ്പം ഇരിങ്ങാലക്കുട ക്രിസ്റ്റ് കോളേജിലെ ഡോ. ഫ്രാങ്കോ ടി. ഫ്രാൻസിസിന്റെ കീഴിലുള്ള എൻ.സി.സി കേഡറ്റുകളും, തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ രഞ്ജിത്ത് വർഗീസിന്റെ നേതൃത്വത്തിലുള്ള എൻ.എസ്.എസ് വിദ്യാർത്ഥികളും കൈകോർത്തു.

മൊബൈൽ ഫോണും ഇന്റർനെറ്റും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെങ്കിലും, ഔദ്യോഗികമായി വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്താൻ മടിക്കുന്ന സാധാരണക്കാർക്ക് വലിയൊരു ആശ്വാസമാവുകയാണ് ഈ വിദ്യാർത്ഥിക്കൂട്ടായ്മ.

 വിവിധ റസിഡൻഷ്യൽ അസോസിയേഷനുകൾ, ഫ്ലാറ്റുകൾ, ഇതര സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ ആവശ്യപ്പെടുന്ന മുറയ്ക്ക് നേരിട്ടെത്തി, ലളിതമായി സെൻസസ് പ്രക്രിയകൾ വിദ്യാർത്ഥികൾ നേരിട്ട് വിശദീകരിച്ചുനൽകി.

 ജില്ലയിൽ 56,122  പേർ സെൽഫ് എന്യുമറേഷനിൽ പങ്കാളികളായി

 പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യം  ജൂണ്‍  30 വരെയാണ് സാധ്യമാകുക.. ജൂലൈ ഒന്നു മുതല്‍ 31 വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിന് മുന്നോടിയായാണ് വ്യക്തികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നേരിട്ട് സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. 15-20 മിനിറ്റിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കും..

പൊതുജനങ്ങള്‍ക്ക് https://se.census.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് സംസ്ഥാനം തെരഞ്ഞെടുത്ത ശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യാം. ഒരു കുടുംബത്തിന് ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഒരിക്കല്‍ തെരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാന്‍ കഴിയില്ല. ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കുക. തുടര്‍ന്ന് പോര്‍ട്ടലിലെ മാപ്പില്‍ കൃത്യമായ താമസസ്ഥലം 'റെഡ് മാര്‍ക്കര്‍' ഉപയോഗിച്ച് അടയാളപ്പെടുത്തേണ്ടതുണ്ട്. തുടര്‍ന്ന് സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വിവരങ്ങള്‍ പരിശോധിച്ച ശേഷം (പ്രിവ്യൂ) അന്തിമ സമര്‍പണം നല്‍കാം.

വിവരങ്ങള്‍ വിജയകരമായി രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ 'എച്ച്' എന്ന് തുടങ്ങുന്ന 11 അക്ക പ്രത്യേക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐഡി (എസ്.ഇ. ഐഡി) ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ പിന്നീട് വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. ജൂണ്‍ 30-നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-ഇന്യൂമറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അങ്ങനെയുള്ളവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തി ശേഖരിക്കും.

date