Skip to main content

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിവിധ മത്സരപരീക്ഷകളിൽ സൗജന്യ പരിശീലനം: അപേക്ഷകൾ ക്ഷണിച്ചു

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ, എൻ.ഐ.ടി/ ഐ.ഐ.ടി, സിവിൽ സർവീസ് പരീക്ഷാ പരിശീലന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ ധനസഹായത്തോടെയുള്ള ഒരു വർഷത്തെ ഈ കോഴ്സുകളിലേക്ക് ജൂലൈ 15-നകം പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം തൃശ്ശൂർ പള്ളിക്കുളത്തുള്ള ജില്ലാ ഫിഷറീസ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷാ ഫോറങ്ങളും വിശദവിവരങ്ങളും ജില്ലയിലെ വിവിധ മത്സ്യഭവനുകളിൽ ലഭ്യമാണ്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്.ഐ.എം.എസ് ഐ.ഡിയും ഉള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്കാണ് പരിശീലനത്തിന് അർഹതയുള്ളത്. കൂടാതെ, ഒരു വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.  റെസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനത്തിന് പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തത്തിൽ 85 ശതമാനം മാർക്ക് നേടിയവർക്കോ, അല്ലെങ്കിൽ മുൻവർഷത്തെ നീറ്റ് പരീക്ഷയിൽ 41 ശതമാനം മാർക്ക് ലഭിച്ചവർക്കോ അപേക്ഷിക്കാം. എൻ.ഐ.ടി/ ഐ.ഐ.ടി പരിശീലനത്തിന് പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് 85 ശതമാനമോ അതിന് മുകളിലോ മാർക്ക് വാങ്ങി വിജയിച്ചിരിക്കണം. സിവിൽ സർവീസ് പരിശീലനത്തിന് കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം പാസായവർക്കാണ് അവസരം. തിരുവനന്തപുരം പ്ലാമൂടുള്ള സിവിൽ സർവ്വീസ് അക്കാദമി നടത്തുന്ന പ്രവേശന പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്നും തിരഞ്ഞെടുക്കപ്പെടുന്നവർ റസിഡൻഷ്യൽ രീതിയിൽ താമസിച്ചു പഠിക്കാൻ സന്നദ്ധരായിരിക്കണമെന്നും നിബന്ധനയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് തൃശ്ശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടാം. ഫോൺ: 0487-2441132, ഇമെയിൽ: ddftsr@gmail.com.  
 

date