സെന്‍സസ് 2027 വീടുകളിലെത്തി വിവരശേഖരണം ഇന്ന് മുതല്‍: ജില്ലാ കലക്ടര്‍
സെന്‍സസ് നടപടികളുടെ ഭാഗമായ വീടുവീടാന്തര വിവരശേഖരണം ഇന്ന് (ജൂലൈ ഒന്ന്) തുടങ്ങുമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് അറിയിച്ചു. ജില്ലയില്‍ 4911 എന്യുമറേറ്റര്മാരെയും പ്രവര്‍ത്തന ഏകോപനത്തിന് 837 സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചു. പ്രക്രിയ സുഗമമായി നടത്താന്‍ 150 വീടുകള്‍ വരെ ഉള്‍പ്പെടുന്ന ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകള്‍ രൂപീകരിച്ചു;4595 ബ്ലോക്കുകളാണ് ജില്ലയിലുള്ളത്.
രാജ്യപുരോഗതിക്ക് അനിവാര്യമായ വിവരശേഖരണവുമായി എല്ലാവരും പൂര്‍ണമായും സഹകരിക്കണം. തെറ്റായവിവരംനല്കുന്നത് പ്രവര്‍ത്തനം തടസപ്പെടുത്തുന്നതിന് തുല്യവും ശിക്ഷാര്‍ഹവുമാണ്. തെറ്റായ മറുപടി നല്കല്, ഉദ്യോഗസ്ഥരെ തടസപെടുത്തല്‍, വീടുകളില്പതിപ്പിക്കുന്ന അടയാളങ്ങള്‍ നീക്കംചെയ്യല്‍, ഔദ്യോഗിക സെന്‍സസ് ഷെഡ്യൂള്‍ ഫോം പൂരിപ്പിക്കാതിരിക്കല് എന്നിവ കുറ്റങ്ങളായി കണക്കാക്കും. സെന്‍സസിന്റെ ആവശ്യങ്ങള്‍ക്കായി കെട്ടിടങ്ങള്‍, വാഹനങ്ങള്‍, സ്ഥലം എന്നിവ വിട്ടുനല്‍കാനുള്ള ഉത്തരവുകളുടെ ലംഘനത്തിനു ഒരു വര്‍ഷം വരെ തടവോ, പിഴയോ, രണ്ടുമോ ലഭിക്കാമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
- Log in to post comments