Skip to main content

എ.ഐ. പഠനത്തെ പ്രതികൂലമായി ബാധിക്കരുത്; കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗ്ലോബൽ ഹബ്ബാക്കും: വിദ്യാർഥികളുമായി സംവദിച്ച് മന്ത്രി റോജി എം. ജോൺ

കൃത്രിമ ബുദ്ധി (എ.ഐ.) പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഗുണനിലവാരം ഉയർത്താൻ സഹായിക്കുന്ന മികച്ച സാങ്കേതികവിദ്യയാണെങ്കിലും അത് വിദ്യാർഥികളുടെ സ്വതന്ത്ര ചിന്തയെയും ബൗദ്ധിക വളർച്ചയെയും പ്രതികൂലമായി ബാധിക്കാൻ അനുവദിക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി  റോജി എം ജോൺ പറഞ്ഞു. 2026-27 അധ്യയന വർഷത്തെ സംസ്ഥാനതല ബിരുദ പ്രവേശനോത്സവമായ 'ഫസ്റ്റ് ചാപ്റ്റർപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു മന്ത്രി.

സംവാദത്തിൽ മൈക്രോബയോളജി വിദ്യാർഥിനിയായ കീർത്തന എ.ഐ.യുടെ ഉപയോഗത്തെക്കുറിച്ച് ചോദിച്ചപ്പോൾപഠനത്തിൽ എ.ഐ.യുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും എന്നാൽ അത് സ്വന്തം ചിന്താശേഷിക്കും വിശകലന ശേഷിക്കും പകരമാകരുതെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ ബൗദ്ധിക വളർച്ചയ്ക്ക് വായനയും സ്വതന്ത്ര പഠനവുമാണ് അടിത്തറയെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശരാജ്യങ്ങളിലേക്ക് ഉയർന്ന വിദ്യാഭ്യാസത്തിനും മികച്ച തൊഴിൽ അവസരങ്ങൾക്കും വിദ്യാർഥികൾ പോകുന്ന പ്രവണതയെക്കുറിച്ചുള്ള ചോദ്യത്തിന്വിദ്യാർഥികൾ ആഗ്രഹിക്കുന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസ സംവിധാനവും തൊഴിൽ സാധ്യതകളും കേരളത്തിൽ തന്നെ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേരളത്തിൽ ആരംഭിക്കാനും ആധുനിക അക്കാദമിക് അന്തരീക്ഷം ഒരുക്കാനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർഥിനിയായ അരുണിമ നാല് വർഷ ബിരുദ (FYUGP) പദ്ധതിയുടെ ഭാഗമായി സിലബസിനെക്കുറിച്ചുള്ള വ്യക്തത വൈകുന്നതും അക്കാദമിക് കലണ്ടർ പാലിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസവും ശ്രദ്ധയിൽപ്പെടുത്തി. ഇതിന് മറുപടിയായി, FYUGP നടപ്പാക്കുന്നതിലെ അപാകതകൾ പരിഹരിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. അധ്യാപകർവിദ്യാർഥികൾകോളേജ് മാനേജ്‌മെന്റുകൾ തുടങ്ങിയവരുമായി വിശദമായ ചർച്ചകൾ നടത്തി ആവശ്യമായ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്നും അക്കാദമിക് കലണ്ടർ കൃത്യമായി പാലിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ആഗോള കേന്ദ്രമായി (ഗ്ലോബൽ ഹബ്) ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അതിനുള്ള ശേഷിയും പാരമ്പര്യവും കേരളത്തിനുണ്ടെന്നും ചരിത്രം അതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള നിലവാരത്തിലുള്ള കോഴ്‌സുകൾഗവേഷണ സൗകര്യങ്ങൾഅക്കാദമിക് സഹകരണങ്ങൾ എന്നിവ വിപുലീകരിച്ച് രാജ്യത്തിനകത്തും വിദേശത്തുമുള്ള വിദ്യാർഥികളെ ആകർഷിക്കുന്ന വിദ്യാഭ്യാസ കേന്ദ്രമായി കേരളത്തെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ആവിഷ്‌കരിച്ചുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഹൈദരാബാദിലെയും ഡൽഹിയിലെയും വിദ്യാഭ്യാസ കാലയളവിൽ മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും വിദ്യാർഥികൾക്കൊപ്പം പഠിക്കാൻ കഴിഞ്ഞത് തന്റെ ജീവിത വീക്ഷണത്തെ തന്നെ മാറ്റിയതായി മന്ത്രി പറഞ്ഞു.

വിദ്യാർഥികൾ ഉന്നയിച്ച നിർദേശങ്ങളും ആശങ്കകളും സർക്കാർ ഗൗരവമായി പരിഗണിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മയും ആധുനികതയും ഉറപ്പാക്കുന്ന പരിഷ്‌കാരങ്ങൾ തുടരുമെന്നും മന്ത്രി ഉറപ്പുനൽകി.

പി.എൻ.എക്‌സ്. 2286/2026

date