'നീര്‍ധാര : ഒരു വര്‍ഷം പൂര്‍ത്തിയാക്കിയത് 42,530 പ്രവൃത്തികള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു
ജില്ലയിലെ ഭൂജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന 'നീര്‍ധാര പദ്ധതി' തുടങ്ങി ഒരു വര്‍ഷത്തില്‍ 45,890 ല്‍ 42,530 പ്രവൃത്തികളും പൂർത്തിയാക്കി. ജില്ലാ കലക്ടര്‍ കെ സുധീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പദ്ധതിയുടെ വാര്‍ഷിക അവലോകന യോഗത്തിലാണ് പുരോഗതി വിശദീകരിച്ചത്. ആകെ പ്രവൃത്തിയുടെ 92.68 ശതമാനം പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയത്. തൊഴിലുറപ്പ് പദ്ധതി 100.8 ശതമാനവും, കൃഷി വകുപ്പ് നൂറ് ശതമാനവും, ദാരിദ്ര ലഘൂകരണ വിഭാഗം (ഡി ആര്‍ ഡി എ) 97 ശതമാനവും ലക്ഷ്യം കൈവരിച്ചു. അടുത്തഘട്ടത്തില്‍ അങ്കണവാടികളിലും, വിദ്യാലയങ്ങളിലും ജലസംഭരണികള്‍ സ്ഥാപിക്കാനുള്ള പ്രൊപ്പോസല്‍ തയ്യാറാക്കും. കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ വകുപ്പുകളെ സംയോജിപ്പിച്ച് 400 ഏക്കറോളം വരുന്ന തിരുവഴിയാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും തീരുമാനിച്ചു. മഴവെള്ളം ഒലിച്ചു പോകാതെ മണ്ണില്‍തന്നെ നിലനിര്‍ത്തിയാല്‍ മാത്രമേ പുഴയിലും ജലലഭ്യത ഉറപ്പാക്കാനാകൂ. ജില്ലയിലെ എല്ലാ വകുപ്പുകളെയും പങ്കാളികളാക്കാനും ദീര്‍ഘകാല അടിസ്ഥാനത്തില്‍ പദ്ധതി വ്യാപിപ്പിക്കാനും സാധിക്കണമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
ജലസംരക്ഷണമായി ബന്ധപ്പെട്ട് 15 ഓളം പ്രവൃത്തികളാണ് പദ്ധതിയിലൂടെ വിവിധ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, എന്‍ ജി ഒകളുമായി സഹകരിച്ച് നടപ്പിലാക്കി വരുന്നത്. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ പുരോഗതി റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു. ഡെപ്യൂട്ടി കലക്ടര്‍ എസ് എസ് അല്‍ഫ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ എല്‍ സിറിള്‍, കോര്‍ കമ്മിറ്റി അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, എന്‍ ജി ഒ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments