Skip to main content

 സെന്‍സസ് 2027: ജില്ലയില്‍ സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കിയത് 62,733 പേര്‍ 

 

സെന്‍സസ് 2027ന്റെ ഭാഗമായി വീടുമായും അനുബന്ധ സൗകര്യങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തികള്‍ക്ക് സ്വന്തമായി ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള സെല്‍ഫ് എന്യൂമറേഷന്‍ കണ്ണൂർ ജില്ലയില്‍ പൂര്‍ത്തിയാക്കിയത് 62,733 പേര്‍. 

ജൂണ്‍ 16ന് ആരംഭിച്ച സെല്‍ഫ് എന്യൂമറേഷന് ജൂണ്‍ 30 രാത്രി 12 വരെയാണ് സമയം അനുവദിച്ചിരുന്നത്.

സെന്‍സസ് നടപടികള്‍ വേഗത്തിലാക്കുന്നതിനും എന്യൂമറേറ്റര്‍മാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിനും വേണ്ടിയാണ് സെല്‍ഫ് എന്യൂമറേഷന്‍ സംവിധാനം ഒരുക്കിയത്. രാജ്യത്ത് ആദ്യമായി ഡിജിറ്റല്‍ രൂപത്തില്‍ നടക്കുന്ന സെന്‍സസിന്റെ ഭാഗമായ സെല്‍ഫ് എന്യൂമറേഷന്‍ സൗകര്യവും ആദ്യമായാണ് നടപ്പാക്കിയത്.

ജൂലൈ ഒന്നു മുതല്‍ 30 വരെ നടക്കുന്ന ഒന്നാംഘട്ട സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലയില്‍ ബുധനാഴ്ച്ച തുടക്കമായി. വീടുകളുടെ പട്ടിക തയാറാക്കലും വീടുകളുടെ സെന്‍സസും ഉള്‍പ്പെട്ടതാണ് ആദ്യഘട്ടം. 2027 ഫെബ്രുവരിയിലാണ് ജനസംഖ്യാ കണക്കെടുപ്പ് ഉള്‍പ്പെടുന്ന രണ്ടാംഘട്ടം.

date